വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം കുറ്റകരമല്ലെന്ന വിധിക്ക് സുപ്രീം കോടതി സ്റ്റേ

വസ്ത്രത്തിന് പുറത്തുകൂടിയുള്ള സ്പര്‍ശനം പോക്സോ നിയമപ്രകാരം ലൈംഗിക അതിക്രമത്തിന്‍റെ പരിധിയില്‍പ്പെടില്ലെന്ന ബോംബെ ഹൈക്കോടതിയുടെ ഉത്തരവിന് സുപ്രീംകോടതിയുടെ സ്റ്റേ. ചീഫ് ജസ്റ്റിസ് എസ്.എ ബോബ്ഡെ‌ അധ്യക്ഷനായ ബെഞ്ചാണ് വിവാദ ഉത്തരവ് സ്‌റ്റേ ചെയ്തത്. അറ്റോണി ജനറല്‍ കെ.കെ വേണുഗോപാല്‍ ഹൈക്കോടതിയുടെ ഉത്തരവ് ശ്രദ്ധയില്‍പ്പെടുത്തിയതിനു പിന്നാലെയാണ് സുപ്രീം കോടതി നടപടി.

നേരത്തെ തൊലിപ്പുറത്തല്ലാത്ത ഉപദ്രവങ്ങൾ ലൈംഗികാതിക്രമത്തിന്‍റെ പരിധിയില്‍പ്പെടുത്തി പോക്സോ രജിസ്റ്റർ ചെയ്യാനാവില്ലെന്ന് ബോംബെ ഹൈക്കോടതി ഉത്തരവിറക്കിയിരുന്നു. പോക്സോ രജിസ്റ്റർ ചെയ്യണമെങ്കിൽ തൊലിയും തൊലിയും തമ്മില്‍ സ്പര്‍ശനം ഉണ്ടാവണമെന്നായിരുന്നു കോടതി വിധി. 31 വയസ്സുകാരന്‍ 12 വയസ്സുള്ള കുട്ടിയുടെ മാറിടത്തിൽ പിടിച്ച കേസിൽ വിധി പറയവേയായിരുന്നു പുഷ്പ ഗനേഡിവാലയുടെ സിംഗിൾ ബഞ്ചിന്‍റെ വിവാദ പരാമര്‍ശം.

“പ്രതി ചേർക്കപ്പെട്ടയാൾ ഉടുപ്പഴിച്ച് മാറിടത്തിൽ സ്പര്‍ശിച്ചിട്ടില്ല. അതുകൊണ്ട് തന്നെ തൊലിയും തൊലിയും തമ്മിൽ സ്പർശിച്ചിട്ടില്ല. 12 വയസ്സുള്ള ഒരു കുട്ടിയുടെ മാറിടത്തിൽ അമർത്തുക എന്നാൽ, ഒന്നുകിൽ ഉടുപ്പഴിച്ച് കൃത്യം നടത്തുകയോ അല്ലെങ്കിൽ ഉടുപ്പിനിടയിലൂടെ കൃത്യം നടത്തുകയോ വേണം. അല്ലാത്ത പക്ഷം, ഇതിനെ ലൈംഗികാതിക്രമം എന്ന് വിളിക്കാനാവില്ല. എന്നാൽ, സ്ത്രീത്വത്തെ അപമാനിക്കുന്ന ഇന്ത്യൻ ശിക്ഷാനിയമം 354ആം വകുപ്പിൽ ഇത് പെടുകയും ചെയ്യും.”- ഇതായിരുന്നു അന്ന് കോടതിയുടെ നിരീക്ഷണം

Spread the love

Leave a Reply

Your email address will not be published. Required fields are marked *