വര്‍ഗീയ പരാമര്‍ശത്തിന്റെ പേരില്‍ ബിജെപി എംപിയും വിവാദനേതാവുമായ സാക്ഷി മഹാരാജിനെതിരെ പോലീസ് കേസെടുത്തു. മീററ്റ് പോലീസ് ഐപിസി 298 പ്രകാരമാണ് കേസെടുത്തത്. ഇന്ത്യയിലെ ജനസംഖ്യാ വര്‍ധനവിനു കാരണം നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണെന്ന പ്രസ്താവനയാണ് വിവാദമായത്.
പരാമര്‍ശത്തിനെതിരെ കോണ്‍ഗ്രസ് രംഗത്ത് വന്നതോടെയാണ് പോലീസ് കേസെടുക്കാന്‍ തയാറായത്. അഞ്ചു സംസ്ഥാനങ്ങളില്‍ തെരഞ്ഞെടുപ്പ് തീയതികള്‍ പ്രഖ്യാപിക്കുന്നതിനു മണിക്കൂറുകള്‍ക്കു മുമ്പായിരുന്നു സാക്ഷി മഹാരാജിന്റെ പ്രസ്താവന. എംപിയുടെ പ്രസ്താവനയെ വിമര്‍ശിച്ച കോണ്‍ഗ്രസ്, മോദിയുടെ പാളിച്ചകളില്‍നിന്നു ശ്രദ്ധതിരിച്ചുവിടാനുള്ള ശ്രമമാണ് നടക്കുന്നതെന്ന് ആരോപിച്ചു.
മീററ്റില്‍ ഒരു ക്ഷേത്രം ഉദ്ഘാടനം ചെയ്യവെയായിരുന്നു സാക്ഷി മഹാരാജിന്റെ വിവാദ പ്രസ്താവന. നാലു ഭാര്യമാരും 40 കുട്ടികളും എന്നുള്ള സങ്കല്‍പ്പത്തെ പിന്തുണയ്ക്കുന്നവരാണ് ഇന്ത്യയില്‍ ജനസംഖ്യ വര്‍ധിക്കുന്നതിന് കാരണമെന്നായിരുന്നു ബിജെപി എംപിയുടെ പ്രസ്താവന. എത്രയും വേഗത്തില്‍ ഏകീകൃത സിവില്‍ കോഡ് നടപ്പാക്കണമെന്നും സാക്ഷി മഹാരാജ് ആവശ്യപ്പെട്ടു.














