നികുതി കൊടുക്കുന്ന ജനത്തില്‍ നിന്നും യാത്രയ്ക്ക് ടോള്‍ ഈടാക്കുന്നത് നീതികേട്: മന്ത്രി ജി സുധാകരന്‍


നികുതിദായകരായ ജനങ്ങളില്‍ നിന്നും റോഡ് യാത്രയ്ക്കായി ടോള്‍ ഈടാക്കുന്നത് നീതികേടാണെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി ജി സുധാകരന്‍. നികുതിപ്പണം കൊണ്ടുള്ള ബജറ്റില്‍ ഉള്‍പ്പെടുത്തി തയാറാക്കുന്ന പാലത്തിലൂടെ യാത്ര ചെയ്യുന്നതിന് വീണ്ടും ചുങ്കം ചുമത്തുന്നതില്‍ അര്‍ത്ഥമില്ല. കേന്ദ്ര സര്‍ക്കാര്‍ അടിച്ചേല്‍പ്പിക്കുന്ന ചില കാര്യങ്ങള്‍ അനുവദിച്ചില്ലെങ്കില്‍ നമ്മുടെ ആവശ്യങ്ങള്‍ അനുവദിക്കാതെ വരുമെന്നതു കൊണ്ടാണ് ചില തെറ്റുകള്‍ അറിഞ്ഞുകൊണ്ടു തന്നെ അംഗീകരിക്കാന്‍ നിര്‍ബന്ധിതമാകുന്നതെന്നും അദ്ദേഹം പറഞ്ഞു. എരൂര്‍ മാത്തൂര്‍ റെയില്‍വെ മേല്‍പ്പാലം ഗതാഗതത്തിന് തുറന്നു കൊടുത്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.


ദേശീയപാതയില്‍ നൂറു കോടി രൂപയില്‍ താഴെ ചെലവുള്ള ഭാഗങ്ങളില്‍ ടോള്‍ ഒഴിവാക്കാന്‍ സംസ്ഥാനത്തിന്റെ സമ്മര്‍ദ്ദഫലമായി കഴിഞ്ഞു. മൂന്ന് സംസ്ഥാന റോഡുകളിലും ടോള്‍ ഒഴിവാക്കി. ടോളിന്റെ പേരില്‍ കരാറുകാരും ഉദ്യോഗസ്ഥരും പറയുന്നത് കള്ളക്കണക്കാണ്. കരാറുകാര്‍ക്കും അഴിമതിക്കാരായ ഉദ്യോഗസ്ഥര്‍ക്കും പണം വീതിച്ചെടുക്കാനുള്ള ഏര്‍പ്പാടാണ് ടോള്‍ പിരിവ്. ഇതിന് എല്‍ഡിഎഫ് സര്‍ക്കാര്‍ കൂട്ടുനില്‍ക്കില്ല. ടാര്‍ ഉപയോഗത്തിലും വന്‍ അഴിമതിയാണ് നടമാടുന്നത്. കൊച്ചി റിഫൈനറിയില്‍ നിന്നും പൊതുമരാമത്ത് വകുപ്പ് കരാറുകാര്‍ വാങ്ങുന്ന ടാര്‍ മറിച്ചു വില്‍ക്കുന്നതും കണ്ടെത്തിയിട്ടുണ്ട്. കുറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടി സ്വീകരിക്കും. തട്ടിപ്പുകാരായ കരാറുകാരെ ഈ രംഗത്ത് തുടരാന്‍ അനുവദിക്കില്ലെന്ന് മന്ത്രി പറഞ്ഞു.




Sharing is Caring