വടകര മോര്‍ഫിംഗ് കേസ്: മുഖ്യപ്രതി ബിബീഷ് പിടിയില്‍

കോഴിക്കോട്:വടകര മോര്‍ഫിംഗ് കേസിലെ മുഖ്യപ്രതി ബിബീഷ് പിടിയില്‍ . ഇടുക്കിയില്‍ നിന്നാണ് ഇയാള്‍ പിടിയിലായത് . ബന്ധുവീട്ടില്‍ ഒളിവില്‍ കഴിയുകയായിരുന്നു ഇയാള്‍. വിവാഹ ചടങ്ങില്‍ പങ്കെടുത്ത സ്ത്രീകളുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് അശ്ലീല ചിത്രങ്ങളാക്കി പ്രചരിപ്പിച്ച ഇയാള്‍ ഒളിവില് പോയിരിക്കുകയായിരുന്നു‍.

കോഴിക്കോട് വടകരയില്‍ ഒരു കൂട്ടം വീട്ടമ്മമാര്‍ പരാതി നല്‍കിയതോടെ ഫോട്ടോഗ്രാഫറും, വീഡിയോ എഡിറ്ററും സ്റ്റുഡിയോ ഉടമയും മുങ്ങുകയും ചെയ്തു. വൈക്കിലശേരിയിലും പരിസരങ്ങളിലുമുള്ള വീട്ടമ്മാരുടെ അശ്ലീല ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചത്.നാട്ടുകാര്‍ നടത്തിയ അന്വേഷണത്തില്‍ പ്രദേശത്ത് നടന്ന വിവാഹങ്ങളില്‍ പങ്കെടുത്തവരുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്തതാണെന്ന്‌ മനസിലായി.

ഇതിന് പിന്നാലെ വടകരയിലെ സദയം സ്റ്റുഡിയോയിലെ വീഡിയോ എഡിറ്റര്‍ ബിബീഷ്, ഉടമ ദിനേശന്‍, ഫോട്ടോഗ്രാഫര്‍ സതീശന്‍ എന്നിവര്‍ ഒളിവില്‍ പോകുകയായിരുന്നു. പ്രദേശത്തെ നിരവധി സ്ത്രീകള്‍ പോലീസില്‍ പരാതി നല്‍കിയിട്ടുണ്ട്.സ്റ്റുഡിയോയില്‍ നടത്തിയ റെയ്ഡിയില്‍ ഹാര്‍ഡ് ഡിസ്ക്കുകള്‍ പിടിച്ചെടുത്തിരുന്നു.മാത്രമല്ല ഇവര്‍ക്കെതിരെ ഐടി ആക്‌ട് പ്രകാരവും സ്ത്രീകളെ അപകീര്‍ത്തിപ്പെടുത്തിയെന്നുമായ ജാമ്യമില്ലാ കേസും ചുമത്തിയിട്ടുണ്ട്. ഇതേ കുറ്റങ്ങള്‍ തന്നെയാകും ബിബീഷിനെതിരെയും ചുമത്തുക. ബിബീഷിന്റെ കൈയിലെ ഹാര്‍ഡ് ഡിസ്‌കില്‍ 4500 സ്ത്രീകളുടെ ചിത്രങ്ങളുണ്ടെന്നാണ് പറയപ്പെടുന്നത്. ഇതില്‍ നൂറുകണക്കിന് മോര്‍ഫ് ചെയ്ത ചിത്രങ്ങളുമുണ്ട്. കല്ല്യാണ വീഡിയോകളില്‍ നിന്നെടുത്ത സ്ത്രീകളുടെ ചിത്രങ്ങളാണ് ഭൂരിഭാഗവും. ഹാര്‍ഡ് ഡിസ്ക് ഉള്‍പ്പെടെയുള്ളവ പൊലീസ് പിടിച്ചെടുത്തിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *