മെഴ്സിഡസിന്റെ ലൂയിസ് ഹാമിൽട്ടണ് നാലാം ഫോർമുല വൺ ലോകകിരീടം. മെക്സിക്കൻ ഗ്രാൻപ്രീയിൽ ഒമ്പതാമതാണ് ഫിനിഷ് ചെയ്തതെങ്കിലും ഓവറോള്‍ പോയിന്റ് നിലയിൽ എതിരാളികളെ പിന്നിലാക്കിയാണ് ഹാമിൽട്ടൺ ലോകകിരീടം തിരിച്ചുപിടിച്ചത്. ഡ്രൈവർമാരുടെ ചാമ്പ്യൻഷിപ്പിൽ രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റൽ മെക്സിക്കൻ ഗ്രാൻപ്രീയിൽ നാലാം സ്ഥാനത്ത് എത്തിയതും ഹാമിൽട്ടണെ തുണച്ചു.
സീസണില്‍ ഒന്‍പത് ഗ്രാന്‍പ്രീ കിരീടം നേടിയ ഹാമില്‍ട്ടണിന് ഇപ്പോൾ 333 ഓവറോള്‍ പോയിന്റായി. രണ്ടാം സ്ഥാനത്തുള്ള ഫെരാരിയുടെ സെബാസ്റ്റ്യന്‍ വെറ്റലിന് 277 പോയിന്റും മൂന്നാമതുള്ള മെഴ്സിഡസിന്റെ വാൽറ്റെറി ബോട്ടസിന് 262 പോയന്റുമാണുളളത്. രണ്ടു ഗ്രാന്‍പ്രീകള്‍ മാത്രം ബാക്കി നില്‍ക്കെ ഹാമിൽട്ടണെ എതിരാളികള്‍ക്ക് മറികടക്കാന്‍ കഴിയില്ല.













