ലീഗല്‍ മെട്രോളജി മിന്നല്‍ പരിശോധന: 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു

ലീഗല്‍ മെട്രോളജി വകുപ്പ് സംസ്ഥാന വ്യാപകമായി നടത്തിയ മിന്നല്‍ പരിശോധനയില്‍ 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തു. 48 മാര്‍ക്കറ്റുകളില്‍ നടത്തിയ പരിശോധനയില്‍ 74 വ്യാപാരികള്‍ക്കെതിരെയും കേസെടുത്തിട്ടുണ്ട്.
എം.ആര്‍.പിയേക്കാള്‍ വില ഈടാക്കുക, വില്‍പനവില, അളവ്/തൂക്കം, നിര്‍മ്മിച്ച/പാക്ക് ചെയ്ത മാസം, വര്‍ഷം, പാക്കറുടെ/നിര്‍മാതാക്കളുടെ മേല്‍വിലാസം, ഉത്പന്നത്തിന്റെ പേര്, പരാതി രേഖപ്പെടുത്താനുള്ള മേല്‍വിലാസം എന്നിവ ഇല്ലാതെയുള്ള വില്‍പന കണ്ടുപിടിക്കാനായിരുന്നു പരിശോധന.

സംസ്ഥാന വ്യാപകമായി പൊതു മാര്‍ക്കറ്റുകള്‍, പച്ചക്കറി, കോഴി വില്‍പനകേന്ദ്രങ്ങള്‍, വഴിയോര കച്ചവടകേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ചാണ് പരിശോധന നടത്തിയത്. തിരുവനന്തപുരം ജില്ലയില്‍ നടത്തിയ സ്ക്വാഡില്‍ ചാല, പേരൂര്‍ക്കട, പേട്ട മാര്‍ക്കറ്റുകള്‍, വഴിയോരക്കച്ചവടകേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍നിന്ന് യഥാസമയം മുദ്രചെയ്യാത്ത ത്രാസുകള്‍ പിടിച്ചെടുത്തു.

മുദ്ര ചെയ്യാത്ത ത്രാസുകള്‍ ഉപയോഗിച്ചതിന് 74 ഉം, പാക്കറ്റിന് പുറത്ത് പ്രഖ്യാപനമില്ലാതിരിക്കുക, രജിസ്ട്രേഷന്‍ ഇല്ലാതിരിക്കുക എന്നിയ്ക്ക് 34 ഉം, അമിതവില ഈടാക്കിയതിന് ഏഴും, വിലതിരുത്തിയതിന് അഞ്ചും, അളവില്‍ കുറവിനും രണ്ടും ഉള്‍പ്പെടെയാണ് 122 സ്ഥാപനങ്ങള്‍ക്കെതിരെ കേസെടുത്തത്.ഭക്ഷ്യ-സിവില്‍ സപ്ലൈസ് മന്ത്രി പി. തിലോത്തമന്റെ നിര്‍ദേശപ്രകാരം ഉത്തര, മധ്യ, ദക്ഷിണ മേഖലാ ഡെപ്യൂട്ടി കമ്മീഷണര്‍മാരായ രാമപ്രസാദ ഷെട്ടി, റാംമോഹന്‍, ലഡ്സന്‍ രാജ് എന്നിവരുടെ നേതൃത്വത്തിലാണ് ജില്ലാതല അസി. കണ്‍ട്രോളര്‍മാരും താലൂക്കുതല സീനിയര്‍ ഇന്‍സ്പെക്ടര്‍മാരും പരിശോധന നടത്തിയത്.

പരിശോധന തുടരുമെന്നും നിയമലംഘനം നടത്തുന്നവര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും ലീഗല്‍ മെട്രോളജി കണ്‍ട്രോളര്‍ ആര്‍. റീനാ ഗോപാല്‍ അറിയിച്ചു

Spread the love

Leave a Reply

Your email address will not be published. Required fields are marked *