വര്‍ഷങ്ങളായി പ്രണയിച്ച പെണ്‍കുട്ടിയെ വിവാഹം കഴിക്കാതിരിക്കാന്‍ കാമുകന് കാമുകിയെ സുഹൃത്തുക്കളെ കൊണ്ട് ബലാത്സംഗം ചെയ്യിച്ചു. കാമുകി ബലാത്സംഗം ചെയ്യപ്പെട്ടതിനാലാണ് വിവാഹം കഴിക്കാത്തതെന്ന് വരുത്തി തീര്‍ക്കാനുള്ള ക്രൂരബുദ്ധിയായിരുന്നു ഇതിന് പിന്നില്‍.
ബലാത്സംഗത്തിന് ഇരയായ 19 വയസുകാരി പൊലീസില്‍ പരാതിപ്പെട്ടതിനെ തുടര്‍ന്നാണ് സംഭവം പുറത്തുവന്നത്. പരാതിയെ തുടര്‍ന്ന് കാമുകന് ഹര്‍പ്രീത് സിംഗ് ഹാപ്പിയെയും ബലാത്സംഗം ചെയ്ത ബിന്ദു(20), രവി(20) എന്നിവരെയും പൊലീസ് അറസ്റ്റ് ചെയ്തു. മൂന്ന് പേരും ജലന്തര്‍ സ്വദേശികളാണ്. കൂട്ടബലാത്സംഗം, വഞ്ചന, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങള്‍ ചുമത്തിയാണ് പൊലീസ് കേസെടുത്തിരിക്കുന്നത്.
കോളേജ് സഹപാഠികളായ ഹര്‍പ്രീതും പെണ്‍കുട്ടിയും പ്രണയത്തിലായിരുന്നു. ഇരുവരും വിവാഹം കഴിക്കാന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ മാതാപിതാക്കളെ പരിചയപ്പെടുത്താമെന്ന വ്യാജേന ഹര്‍പ്രീത് ജൂലൈ 20 ന് പെണ്‍കുട്ടിയോട് തന്നോടൊപ്പം വരാന്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് രാത്രി 10.30 മണി ആയപ്പോഴെക്കും ഫോണില്‍ വിളിച്ച് പുറത്തേക്ക് വരാന്‍ ആവശ്യപ്പെടുകയായിരുന്നു.ഇരുവരും ബൈക്കില്‍ പോകവെ അച്ഛനെയും അമ്മയെയും കൊണ്ടുവരാമെന്നു പറഞ്ഞ് സമീപത്തെ ചന്തയില്‍ പെണ്‍കുട്ടിയെ ഇറക്കിയ ഹര്‍പ്രീത് കടന്നു കളയുകയായിരുന്നു.

തുടര്‍ന്ന് ബൈക്കിലെത്തിയ ബിന്ദുവും രവിയും തങ്ങള്‍ ഹര്‍പ്രീതിന്റെ സുഹൃത്തുക്കളാണെന്നും ഹര്‍പ്രീത് പറഞ്ഞിട്ട് വന്നതാണെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ തെറ്റിദ്ധരിപ്പിച്ചു. ഹര്‍പ്രീതിന്റെ വീട്ടില്‍ കൊണ്ടുവിടാമെന്ന് പറഞ്ഞ ഇവര്‍ സമീപത്തെ ആളൊഴിഞ്ഞ മുറിയില്‍വെച്ച് യുവതിയെ പീഡിപ്പിക്കുകയായിരുന്നു. വൈദ്യ പരിശോധനയില്‍ ബലാത്സംഗം നടന്നതായി സ്ഥിരീകരിച്ചതായി പൊലീസ് വ്യക്തമാക്കി.












