‘റോഹിങ്ക്യകള്‍ അനധികൃത കുടിയേറ്റക്കാരല്ല’ ഹരജിക്കാരന്‍ സുപ്രിംകോടതിയില്‍

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരല്ലെന്ന് റോഹിങ്ക്യകളുടെ ഹരജിക്കാരന്‍ സുപ്രിംകോടതിയെ അറിയിച്ചു. മ്യാന്മറിലെ വംശീയ അതിക്രമങ്ങളെത്തുടര്‍ന്ന് പലായനം ചെയ്തവരാണിവര്‍. ഇവര്‍ക്ക് അന്താരാഷ്ട്ര കാരാര്‍ പ്രകാരം സംരക്ഷണം ആവശ്യമുള്ളവരാണെന്നും ഹരജിക്കാരന്‍ കോടതിയില്‍ വാദിച്ചു.

ഇന്ത്യയിലെ റോഹിങ്ക്യന്‍ അഭയാര്‍ത്ഥിയായ മുഹമ്മദ് സലീമുള്ളയാണ് സുപ്രിം കോടതിക്കു മുന്‍പാകെ ഹരജി സമര്‍പ്പിച്ചത്. മറ്റു രാഷ്ട്രങ്ങളില്‍ നിന്ന് കുടിയേറുന്നവര്‍ക്ക് നല്‍കുന്ന രാഷ്ട്രീയ അഭയം തങ്ങള്‍ക്കും നല്‍കണമെന്നും റേഹിങ്ക്യകള്‍ ഇന്ത്യയില്‍ ഭീഷണി നേരിടുന്നുണ്ടെന്നും തങ്ങള്‍ ഇതുവരെയും യാതൊരു രീതിയിലുള്ള അതിക്രമങ്ങളിലും ഏര്‍പ്പെട്ടിട്ടില്ലെന്നും സലീമുള്ള സുപ്രിം കോടതിയെ അറിയിച്ചു.

റോഹിങ്ക്യന്‍ മുസ്‌ലിംകള്‍ അനധികൃത കുടിയേറ്റക്കാരാണെന്നാണ് കേന്ദ്ര സര്‍ക്കാരിന്റെ വാദം. ഇവരെ ഇന്ത്യയില്‍ നിന്ന് പുറത്താക്കുമെന്നും മ്യാന്മറിലേക്ക് തിരിച്ചയക്കുമെന്നുമാണ് കേന്ദ്ര സര്‍ക്കാര്‍ ആവര്‍ത്തിച്ചത്. ഇവര്‍ക്കെതിരേ തീവ്രവാദ ബന്ധവും കേന്ദ്ര സര്‍ക്കാര്‍ ചുമത്തിയിരുന്നു. ഇതിനെതിരേയാണ് റോഹിങ്ക്യകള്‍ സുപ്രിംകോടതിയെ സമീപിച്ചത്. റോഹിങ്ക്യകള്‍ അഭയാര്‍ത്ഥികളല്ലെന്നും അനധികൃത കുടിയേറ്റക്കാരാണെന്നും കഴിഞ്ഞ ദിവസം കേന്ദ്ര മന്ത്രി രാജ്‌നാഥ് സിങും ആവര്‍ത്തിച്ചിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *