റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യത്തിനു ഭീഷണി; സുപ്രിം കോടതിയില്‍ കേന്ദ്ര സര്‍ക്കാര്‍

റോഹിംഗ്യന്‍ മുസ്‌ലിംകള്‍ രാജ്യസുരക്ഷയ്ക്ക് ഭീഷണിയെന്ന് കേന്ദ്ര സര്‍ക്കാര്‍ സുപ്രിം കോടതിയില്‍. റോഹിംഗ്യകളെ സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട് ലഭിച്ച പൊതുതാല്‍പര്യ ഹരജി പരിഗണിക്കവെ, സര്‍ക്കാരിനോടുള്ള ചോദ്യത്തിനു മറുപടിയായാണ് ഈ പരാമര്‍ശം.

ചില റോഹിംഗ്യകള്‍ക്ക് തീവ്രവാദ സംഘങ്ങളുമായി ബന്ധമുണ്ടെന്നും കേന്ദ്ര സര്‍ക്കാര്‍ ആരോപിച്ചു. റോഹിംഗ്യകള്‍ അഭയാര്‍ഥികളാണെന്നും സുപ്രിം കോടതിയില്‍ വരാന്‍ അവര്‍ക്ക് അവകാശമില്ലെന്നും കേന്ദ്ര സര്‍ക്കാര്‍ വ്യക്തമാക്കി. അനധികൃത അഭയാര്‍ഥികളാണെന്ന് കണക്കാക്കിയതു മുതല്‍ അവര്‍ക്ക് ഭരണഘടനാ അവകാശങ്ങളില്ലെന്നാണ് സര്‍ക്കാരിന്റെ വിശദീകരണം.

റോഹിംഗ്യകളോട് ഇന്ത്യ മുന്‍പ് സ്വീകരിച്ചിരുന്ന നിലാപാടുകള്‍ക്ക് വിരുദ്ധമായാണ് ബി.ജെ.പി സര്‍ക്കാരിന്റെ നടപടികള്‍. കശ്മീര്‍ സന്ദര്‍ശനത്തിനിടെ കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ് ഇത് പരസ്യമായി പ്രഖ്യാപിക്കുകയും ചെയ്തിരുന്നു. ”അനധികൃത വിദേശ കുടിയേറ്റക്കാര്‍ക്കെതിരെ കര്‍ശന നടപടിയുണ്ടാവും”- റോഹിംഗ്യന്‍ വിഷയം ഉന്നയിച്ചുള്ള മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിനു മറുപടിയായി അദ്ദേഹം പറഞ്ഞു.

കഴിഞ്ഞ ഓഗസ്റ്റില്‍ തന്നെ റോഹിംഗ്യകളെ പുറത്താക്കാന്‍ സര്‍ക്കാര്‍ നീക്കം നടത്തിയിരുന്നു. അനധികൃതമായാണ് അവര്‍ ഇന്ത്യയില്‍ പാര്‍ക്കുന്നതെന്നും പുറന്തള്ളണമെന്നും സര്‍ക്കാര്‍ നിര്‍ദേശിച്ചിരുന്നു. മ്യാന്‍മാറില്‍ റോഹിംഗ്യകള്‍ക്കെതിരെ സൈനികര്‍ നടത്തുന്ന കിരാതമായ ആക്രമണം നടക്കുന്നതിനിടെയാണ് ഇവിടെയുള്ളവരെ കൂടി പുറന്തള്ളാന്‍ കേന്ദ്ര സര്‍ക്കാരിന്റെ തീരുമാനം. ഇതിനെതിരെ യു.എന്‍ മനുഷ്യാവകാശ കമ്മിഷന്‍ ശക്തമായ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു.

40,000 റോഹിംഗ്യന്‍ അഭയാര്‍ഥികള്‍ ഇന്ത്യയിലുണ്ടെന്നാണ് യു.എന്നിന്റെ കണക്ക്. ഇതില്‍ 16,000 പേര്‍ക്കു മാത്രമാണ് അഭയാര്‍ഥി രേഖകള്‍ നല്‍കിയിട്ടുള്ളത്. ബാക്കിയുള്ളവരെ പുറത്താക്കാനാണ് സര്‍ക്കാര്‍ നീക്കം നടത്തുന്നത്. ഇതിന്റെ ഭാഗമെന്നോണം മ്യാന്‍മാറിന്റെ അതിര്‍ത്തി സംസ്ഥാനമായ മണിപ്പൂരില്‍ കര്‍ശന പരിശോധനയും യാത്രാ നിയന്ത്രണവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. രേഖകളില്ലാതെ അതിര്‍ത്തി നഗരങ്ങളില്‍ നിന്ന് സഞ്ചരിക്കാനാവില്ലെന്നാണ് സര്‍ക്കാര്‍ നിര്‍ദേശം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *