റിമി ടോമിയുടെയും വ്യവസായികളുടേയും വീട്ടില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌

പിന്നണി ഗായികയും ചാനല്‍ അവതാരകയുമായ റിമി ടോമിയുടെയും വ്യവസായ പ്രമുഖരുടേയും വീടുകളില്‍ ആദായ നികുതി വകുപ്പ്‌ റെയ്‌ഡ്‌. കള്ളപ്പണവുമായി ബന്ധപ്പെട്ട്‌ ഇന്നലെ രാവിലെ മുതലാണ്‌ റെയഡ്‌ ആരംഭിച്ചത്‌. റിമി ടോമിയെ കൂടാതെ കൊല്ലത്തെ വ്യവസായി, തിരുവനന്തപുരത്തെ സുപ്രീം കോടതി അഭിഭാഷകന്‍ വിനോദ്‌ കുട്ടപ്പന്‍ എന്നിവരുടെ വീടുകളിലും സ്‌ഥാപനങ്ങളിലുമായിരുന്നു പരിശോധന.
റിമി ടോമിക്ക്‌ വിദേശത്തുനിന്നു കണക്കില്‍പ്പെടാത്ത പണം ലഭിച്ചിട്ടുണ്ടെന്നാണു വിവരം. റിമിക്ക്‌ വിദേശത്ത്‌ സ്‌റ്റേജ്‌ ഷോകളില്‍ നിന്നു വന്‍തുക പ്രതിഫലം ലഭിക്കുന്നുണ്ട്‌. എന്നാല്‍ ആദായനികുതി റിട്ടേണുകളില്‍ വരുമാനത്തെ സംബന്ധിച്ച്‌ പൊരുത്തപ്പെടാത്ത കണക്കാണ്‌ നല്‍കിയിട്ടുളളതെന്നാണ്‌ വിവരം.
അഡ്വ. വിനോദ്‌ കുട്ടപ്പനും അടൂര്‍ സ്വദേശിയായ പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ്‌ കുരുവിളയും തമ്മില്‍ വന്‍ സാമ്പത്തിക ഇടപാടുകള്‍ നടന്നിട്ടുണ്ട്‌. ഇതു വ്യക്‌തമാക്കുന്ന രേഖകള്‍ റെയ്‌ഡില്‍ കണ്ടെത്തിയതായാണ്‌ സൂചന. അഡ്വ. വിനോദ്‌ കുട്ടപ്പന്‍ മക്കളുടെ വിവാഹം ആര്‍ഭാടമായി നടത്തിയതോടെ ആദായനികുതി വകുപ്പ്‌ ഇദ്ദേഹത്തിന്റെ സാമ്പത്തിക സ്രോതസുകള്‍ നിരീക്ഷിച്ചുവരികയായിരുന്നു. സ്‌റ്റാച്യു ചിറക്കുളം റോഡില്‍ താമസിക്കുന്ന വിനോദ്‌ കുട്ടപ്പന്റെ വസതിയിലായിരുന്നു കൊച്ചിയില്‍ നിന്നുള്ള സംഘം പരിശോധന നടത്തിയത്‌. രാവിലെ ആറിന്‌ ആരംഭിച്ച പരിശോധന വൈകിട്ടാണ്‌ അവസാനിച്ചത്‌. ഇദ്ദേഹത്തിന്റെ എറണാകുളത്തുള്ള ബന്ധുവിന്റെ വസതിയിലും പരിശോധന നടന്നതായാണു വിവരം.
പ്രവാസി വ്യവസായി ജോണ്‍ ഗീവര്‍ഗീസ്‌ നെടുമങ്ങാട്ടുള്ള നൈറ്റിങ്‌ഗാള്‍ കോളജ്‌ ഓഫ്‌ നഴ്‌സിങ്‌ എന്ന സ്‌ഥാപനം, കുരുവിളക്ക്‌ കൈമാറ്റം ചെയ്‌തതുമായി ബ്‌ന്ധപ്പെട്ട്‌ കണക്കില്‍പ്പെടാത്ത വന്‍ പണമിടപാട്‌ നടന്നതായി ആദായനികുതി വകുപ്പ്‌ കണ്ടെത്തി. നഴ്‌സിങ്‌ കോളജ്‌ കൈമാറ്റവുമായി ബന്ധപ്പെട്ട്‌ വിദേശത്തുനിന്ന്‌ വന്ന പണം പലവഴിക്കും ഒഴുകിയിട്ടുണ്ടെന്നാണ്‌ വിവരം. ആദായനികുതിയില്‍നിന്ന്‌ ഒഴിവാകുന്നതിന്‌ വിദേശത്താണ്‌ സ്‌ഥാപന കൈമാറ്റവുമായി ബന്ധപ്പെട്ട ഇടപാടുകള്‍ നടന്നത്‌. ഇത്‌ നിയമവിരുദ്ധമാണെന്ന്‌ ആദായനികുതി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു.
ഇടപ്പള്ളിയിലെ റിമിയുടെ വീട്ടിലും തൊട്ടടുത്തുള്ള സഹോദരന്റെ വസതിയിലുമാണ്‌ പരിശോധന നടന്നത്‌. ആദായനികുതി ഉദ്യോഗസ്‌ഥര്‍ റെയ്‌ഡിനെത്തുമ്പോള്‍ റിമി വീട്ടില്‍ ഉണ്ടായിരുന്നില്ല. തിരുവനന്തപുരത്തായിരുന്ന റിമി ടോമിയെ ആദായനികുതി വകുപ്പ്‌ ഉദ്യോഗസ്‌ഥര്‍ കൊച്ചിയിലേക്ക്‌ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തു. വൈകിട്ടും റെയ്‌ഡ്‌ തുടരുകയാണ്‌.

Spread the love

Leave a Reply

Your email address will not be published. Required fields are marked *