ജിഷയുടെ കൊലപാതകം: ഇരുട്ടില്‍ തപ്പി പോലീസ്

രാജ്യത്തെ ഞെട്ടിച്ച് നിയമ വിദ്യാര്‍ത്ഥിനി ജിഷയുടെ കൊലപാതകം നടന്ന് ഒന്‍പത് ദിവസം പിന്നിട്ടിട്ടും പ്രതിയെ കണ്ടെത്താനാകാതെ ഇരുട്ടില്‍ തപ്പി സംസ്ഥാന പോലീസ്. ഇന്ന് ഒരാളെ കുടി കസ്റ്റഡിയില്‍ എടുത്തിട്ടുണ്ടെങ്കിലും പ്രതിയെക്കുറിച്ച് ഇതുവരെ വ്യക്തമായ സൂചനയില്ല. ഇന്ന് കസ്റ്റഡിയില്‍ എടുത്തയാളെ കുറുപ്പംപടി പോലീസ് സ്‌റ്റേഷനില്‍ ചോദ്യം ചെയ്തു വരികയാണ്. അന്യസംസ്ഥാന തൊഴിലാളികളും ജിഷയുടെ അയല്‍വാസിയും അടക്കം ഇരുപത്തഞ്ചോളം പേരെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി ചോദ്യം ചെയ്തുവരികയാണ്.
ജിഷയുടെ കൊലപാതകം തെരഞ്ഞെടുപ്പ് വിഷയമായതോടെ പ്രതിയെ കണ്ടെത്താന്‍ വൈകുന്നത് സര്‍ക്കാരിന് തിരിച്ചടിയാകുമെന്ന വിലയിരുത്തലുകള്‍ക്കിടെ പോലീസിന്റെ ഭാഗത്ത് നിന്നുണ്ടായ കൂടുതല്‍ വീഴ്ചകളും പുറത്തു വന്നു. റീപോസ്റ്റ്‌മോര്‍ട്ടത്തിന്റെ വഴിയടച്ച് ജിഷയുടെ മൃതദേഹം ദഹിപ്പിക്കാന്‍ അനുമതി നല്‍കിയതും പോലീസാണെന്ന് തെളിയിക്കുന്ന രേഖകള്‍ ഇന്ന് പുറത്തുവന്നു. മൃതദേഹം ദഹിപ്പിക്കുന്നതില്‍ നിയമതടസമില്ലെന്ന് ചൂണ്ടിക്കാട്ടി കുറുപ്പംപടി എസ്.ഐ മുനിസിപ്പാലിറ്റി സെക്രട്ടറിക്ക് നല്‍കിയ കത്താണ് പുറത്തുവന്നത്.
വൈകിട്ട് ഏഴ് മണിക്ക് ശേഷം മൃതദേഹം ദഹിപ്പിക്കാന്‍ പാടില്ലെന്ന ചട്ടം പോലും മറികടന്ന് വൈകിട്ട് ഏഴരയ്ക്കാണ് ജിഷയുടെ മൃതദേഹം ദഹിപ്പിച്ചത്. ജിഷയുടെ മരണത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അന്വേഷണം ഫലപ്രദമല്ലെന്ന് ദേശീയ വനിതാ കമ്മീഷന്‍ അറിയിച്ചു. സി.ബി.ഐ അന്വേഷണം ആവശ്യമെങ്കില്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറാണെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിംഗും വ്യക്തമാക്കി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *