റഫാല്‍: പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും

ന്യൂഡല്‍ഹി: റഫാല്‍ വിഷയത്തെചൊല്ലി പാര്‍ലമെന്റ് ഇന്നും പ്രക്ഷുബ്ധമായേക്കും. സുപ്രീം കോടതി വിധിയില്‍ പിഴവുണ്ടായത് സര്‍ക്കാര്‍ കോടതിയെ തെറ്റിദ്ധരിപ്പിച്ചതിനാലാണെന്നും ജെ.പി.സി അന്വേഷണം വേണമെന്നും പ്രതിപക്ഷം ആവര്‍ത്തിക്കും. ഇരു സഭകളിലും അറ്റോര്‍ണി ജനറല്‍ കെ.കെ വേണുഗോപാലിനെതിരെ അവകാശ ലംഘന നോട്ടീസ് നല്‍കാനും തീരുമാനിച്ചിട്ടുണ്ട്.

ഇടപാടിൽ കേന്ദ്രസർക്കാരിന് സുപ്രീംകോടതി ക്ലീൻചിറ്റ് നല്കിയെന്നും പ്രധാനമന്ത്രിയെ കള്ളനെന്നു വിളിച്ച രാഹുൽ ഗാന്ധി മാപ്പുപറയണമെന്നും ആവശ്യപ്പെട്ട് വിധിവന്ന വെള്ളിയാഴ്ച ഭരണപക്ഷം പാർലമെന്റിൽ ബഹളം വെച്ചിരുന്നു. എന്നാൽ, വിമാനത്തിന്റെ വിലവിവരം സി.എ.ജി. പരിശോധിച്ചെന്നും അതിന്റെ ചുരുക്കം പാർലമെന്റിന്റെ അക്കൗണ്ട്സ് കമ്മിറ്റി (പി.എ.സി.)കണ്ടതാണെന്നുമുള്ള വിധിയിലെ പരാമർശങ്ങൾ പുറത്തുവന്നതോടെ കോൺഗ്രസ് സർക്കാരിനെതിരേ ആക്രമണം രൂക്ഷമാക്കിയിരിക്കുകയാണ്. ഇതിന്റെ പ്രതിഫലനം തിങ്കളാഴ്ച രണ്ടു സഭകളിലുമുണ്ടാകും.

പി.എ.സി. കാണാത്ത റിപ്പോർട്ട് കണ്ടെന്ന് കോടതിയെ അറിയിക്കുക വഴി പാർലമെന്റിനെ സർക്കാർ അവഹേളിച്ചെന്നാണ് കോൺഗ്രസ് നിലപാട്. ഇക്കാര്യമുന്നയിച്ച് ലോക്‌സഭയിലും രാജ്യസഭയിലും അവകാശലംഘനത്തിന് നോട്ടീസ് നൽകാനാണ് നീക്കം. പി.എ.സി.ചെയർമാൻ കൂടിയായ കോൺഗ്രസ് നേതാവ് മല്ലികാർജുൻ ഖാർഗെയായിരിക്കും ലോക്‌സഭയിൽ വിഷയം ഉന്നയിക്കുക. സി.എ.ജി.യെയും അറ്റോർണി ജനറലിനെയും വിളിച്ചുവരുത്തി പി.എ.സി. വിശദീകരണം ചോദിക്കുന്നതിനുള്ള സാധ്യത ഖാർഗെ ആരായുന്നുണ്ട്. എന്നാൽ, ഇക്കാര്യത്തിൽ അദ്ദേഹത്തിന് ഒറ്റയ്ക്ക് തീരുമാനമെടുക്കാനാവില്ല. ഇടപാടിൽ ജെ.പി.സി. അന്വേഷണം വേണമെന്ന നിലപാടിൽനിന്ന് പിന്നോട്ടില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കിയിട്ടുണ്ട്.

മുദ്രവച്ച കവറിൽ നൽകിയ കുറിപ്പ് കോടതി തെറ്റായി വ്യാഖാനിച്ചതാണെന്നും അതു തിരുത്തണമെന്ന് ആവശ്യപ്പെട്ട് ഹർജി നൽകിയിട്ടുണ്ടെന്നുമാണ് സർക്കാരിന്റെയും ബി.ജെ.പി.യുടെയും വാദം. ഇതിലൂന്നി ബി.ജെ.പി. പാർലമെന്റിൽ സർക്കാരിനെ പ്രതിരോധിക്കും. അനാവശ്യ ആരോപണങ്ങളുയർത്തി ജനങ്ങളെ കോൺഗ്രസ് തെറ്റിദ്ധരിപ്പിക്കുകയാണെന്ന് ബി.ജെ.പി തിരിച്ചടിക്കും.

ബൊഫോഴ്സും അഗസ്റ്റവെസ്റ്റ്‌ലൻഡും അടക്കമുള്ള വിഷയങ്ങളിലൂടെ കോൺഗ്രസിനെ പ്രതിക്കൂട്ടിലാക്കാനുള്ള ശ്രമവും ഭരണപക്ഷത്തു നിന്നുണ്ടാകും. പാർലമെന്റിനുപുറത്തും കോൺഗ്രസ് ആക്രമണത്തെ ചെറുക്കാൻ ബി.ജെ.പി. ശ്രമം തുടങ്ങി. തിങ്കളാഴ്ച രാജ്യത്തെ 70 പ്രമുഖകേന്ദ്രങ്ങളിൽ കേന്ദ്രമന്ത്രിമാരടക്കമുള്ള പ്രമുഖനേതാക്കൾ പത്രസമ്മേളനം നടത്തി റഫാൽ ഇടപാട് വിശദീകരിക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *