മൂന്ന് സംസ്ഥാനങ്ങളിലെ മുഖ്യമന്ത്രിമാരുടെ സത്യപ്രതിജ്ഞ ഇന്ന്

ഭോപ്പാല്‍: ലോക്‌സഭ പോരാട്ടത്തിന്റെ സെമി ഫൈനല്‍ എന്ന് വിശേഷിക്കപ്പെട്ട അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭ തെരഞ്ഞെടുപ്പില്‍ മൂന്നിടങ്ങളില്‍ വിജയം നുകര്‍ന്ന കോണ്‍ഗ്രസിന്റെ മുഖ്യമന്ത്രിമാര്‍ ഇന്ന് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കും. ബിജെപിയുടെ ഭരണം അവസാനിപ്പിച്ച് രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്ഗഡ് എന്നീ സംസ്ഥാനങ്ങളാണ് കോണ്‍ഗ്രസ് പിടിച്ചെടുത്തത്.

രാജസ്ഥാനില്‍ മുഖ്യമന്ത്രിയായി അശോക് ഗെലോട്ടും ഉപമുഖ്യമന്ത്രി സച്ചിന്‍ പൈലറ്റുമാണ് ആദ്യം അധികാരമേല്‍ക്കുന്നത്. രാവിലെ 10 മണിക്കാണ് ഇവരുടെ സത്യപ്രതിജ്ഞ. ജയ്പൂരിലെ അല്‍ബര്‍ട്ട് മ്യൂസിയം മൈതാനത്താണ് ചടങ്ങ്. മധ്യപ്രദേശ് മുഖ്യമന്ത്രിയായ കമല്‍ നാഥ് ഉച്ചയ്ക്ക് ഒന്നരയ്ക്ക് ലാല്‍ പരേഡ് മൈതാനത്ത് നടക്കുന്ന ചടങ്ങില്‍ സത്യപ്രതിജ്ഞ ചെയ്യും.

വൈകീട്ട് നാലരയ്ക്കാണ് ചത്തീസ്ഗഢ് മുഖ്യമന്ത്രിയായി ഭൂപേഷ് ബാഗല്‍ അധികാരമേല്‍ക്കുന്നത്. ചടങ്ങുകളില്‍ പാര്‍ട്ടി അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി പങ്കെടുക്കും. പ്രതിപക്ഷ നേതാക്കളെയും ക്ഷണിച്ചിട്ടുണ്ട്. ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വത്തിനൊടുവിലാണ് കോണ്‍ഗ്രസ് മികച്ച വിജയം നേടിയ ഛത്തീസ്ഗഡില്‍ മുഖ്യമന്ത്രിയെ പ്രഖ്യാപിച്ചത്.

റായ്പൂരില്‍ ചേര്‍ന്ന കോണ്‍ഗ്രസ് നിയമസഭാ കക്ഷി യോഗത്തിലാണ് തീരുമാനം. ഭൂപേഷ് ബാഗല്‍, അമ്പികര്‍പൂര്‍ എംഎല്‍എ ടി എസ് സിംഗ് ദിയോ എന്നിവരുടെ പേരുകള്‍ സജീവ പരിഗണനയിലുണ്ടായിരുന്നു. 90 അംഗ നിയമസഭയില്‍ 68 സീറ്റും വിജയിച്ചാണ് കോണ്‍ഗ്രസ് ഛത്തീസ്ഗഡില്‍ അധികാരമുറപ്പിച്ചത്.

അശോക് ഗെലോട്ടോ രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ പുതിയ ആവേശം കൊണ്ടു വന്ന സച്ചിന്‍ പൈലറ്റ് എന്നതായിരുന്നു രാജസ്ഥാനിലെ സംശയം. എന്നാല്‍, അനുഭവപരിചയം തുണച്ചപ്പോള്‍ ഗെലോട്ടിന് നറുക്ക് വീണു.

മധ്യപ്രദേശിലെ പാര്‍ട്ടിയെ ദിഗ്!വിജയ് സിംഗില്‍ നിന്ന് മോചിപ്പിച്ച് തെരഞ്ഞെടുപ്പിന് പ്രാപ്തമാക്കിയ നേതാവാണ് പിസിസി അധ്യക്ഷന്‍ കൂടിയായ കമല്‍നാഥ്. യുവ നേതാവും പ്രചാരണവിഭാഗം തലവനുമായിരുന്ന ജ്യോതിരാധിത്യ സിന്ധ്യയുടെ പേരും ഉയര്‍ന്നു കേട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *