തന്റെ രാഷ്ട്രീയ പ്രവേശനം പരസ്യമായി പ്രഖ്യാപിച്ച് കമൽ ഹാസൻ. മുഖ്യമന്ത്രി പിണറായി വിജയനുമായുള്ള കൂടിക്കാഴ്ചക്ക് ശേഷമാണ് താരം രാഷ്ട്രീയ പ്രവേശനം പ്രഖ്യാപിച്ചത്. കലാകാരൻ എന്ന നിലയിൽ തനിക്കു ലഭിച്ച പിന്തുണയുടെ പകുതി ലഭിച്ചാൽ രാഷ്ട്രീയത്തിൽ തനിക്കു മുന്നേറാനാവുമെന്നു കമൽ ഹാസൻ വ്യക്തമാക്കി.
രാഷ്ട്രീയത്തിൽ പ്രവേശിക്കുന്നതിന് മുന്നോടിയായി നിരവധി നേതാക്കളുമായി സംസാരിക്കും. അങ്ങിനെയാണ് പിണറായിയെ കണ്ടത്. തന്റെ നിറം എന്തായാലും കാവിയല്ല. കമ്മ്യൂണിസ്റ്റ് നേതാക്കൾ തന്റെ ഹീറോസ് ആണ്. പുതിയ രാഷ്ട്രീയ പാർട്ടി ആയിരിക്കും കമൽ ഹാസൻ പ്രഖ്യാപിക്കുക. ഇടതു മതേതര ആശയങ്ങൾ ഉൾക്കൊള്ളുന്ന പാർട്ടി ആവും അത് .

തമിഴ്നാട്ടിലെ ഇന്നത്തെ സാഹചര്യം വളരെ മോശമാണ്. ഗവർണർ ഇക്കാര്യത്തിൽ ഇടപെടണം. തമിഴ്നാട്ടിലെ പ്രമുഖ രാഷ്ട്രീയ പാർട്ടികളിൽ ചേരില്ല. തമിഴ് ജനത പോരാട്ടത്തിന് തയ്യാറാവാൻ കമൽ ഹാസൻ ആഹ്വാനം ചെയ്തു. കേരളത്തെ കമൽ ഹാസൻ പ്രശംസിച്ചു. യൂറോപ്യൻ നിലവാരമുള്ള പ്രദേശമാണ് കേരളം. അതുകൊണ്ട് കേരളത്തിലേക്കുള്ള യാത്രകൾ പഠന യാത്രകളാണെന്നും കമൽ ഹാസൻ വ്യക്തമാക്കി.













