രാജ്യത്ത് കോവിഡ് ബാധിതര്‍ രണ്ട് ലക്ഷം കടന്നു

രാജ്യത്ത് കോവിഡ് ബാധിതരുടെ എണ്ണം രണ്ട് ലക്ഷം കടന്നു. ഇന്നലെ മാത്രം രോഗം ബാധിച്ച് മരിച്ചവരുടെ എണ്ണം 170ലധികമാണ്. ആകെ മരണം 5,800 കടന്നു. അതേസമയം രോഗമുക്തി 48 ശതമാനത്തില്‍ അധികമാണെന്നും മരണ നിരക്ക് മൂന്ന് ശതമാനത്തിൽ താഴെ മാത്രമാണെന്നും ആരോഗ്യ മന്ത്രാലയം അവകാശപ്പെട്ടു.

119 കുടിയേറ്റ തൊഴിലാളികളടക്കം 348 പേ൪ക്കാണ് യുപിയിൽ മാത്രം പുതിയതായി കോവിഡ് സ്ഥിരീകരിച്ചത്. മുംബൈയിലെ ധാരാവിയിൽ 25 പേ൪ക്ക് കോവിഡ് സ്ഥിരീകരിച്ചതടക്കം മഹാരാഷ്ട്രയിൽ 2000ലധികം പേ൪ക്ക് കോവിഡ് ബാധിച്ചു. ഡൽഹിയിൽ ഇന്നലെയും 1298 പേ൪ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. ഉത്തരാഖണ്ഡിൽ 41 പേ൪ക്കും കോവിഡ് സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്തെ കോവിഡ് കേസുകൾ രണ്ട് ലക്ഷത്തിന് മുകളിലായി.

എന്നാൽ ആരോഗ്യ മന്ത്രാലയം ഒടുവിൽ പുറത്തുവിട്ട കണക്കനുസരിച്ച് 97581 പേരാണ് ചികിത്സയിലുള്ളത്. 95526 പേര്‍ക്ക് രോഗം ഭേദമായി. അതേസമയം ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും രോഗമുക്തി നിരക്ക് കൂടുന്നുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി. 48%ത്തിന് മുകളിലാണ് രോഗമുക്തി നിരക്ക്. 2.82% മാത്രമാണ് രാജ്യത്തെ മരണ നിരക്ക്. സമൂഹ വ്യാപനം എത്രയോ അകലെയാണെന്നും കേന്ദ്രം വ്യക്തമാക്കി.

എന്നാൽ വേൾഡോ മീറ്റേഴ്സിന്റെ കണക്ക് അനുസരിച്ച് ഇന്ത്യ ഏറ്റവും കൂടുതൽ കോവിഡ് കേസുകൾ റിപ്പോ൪ട്ട് ചെയ്ത ഏഴാമത്തെ രാജ്യമായി. ഏഷ്യയിൽ ഒന്നാം സ്ഥാനത്താണ്. ഏഴ് സംസ്ഥാനങ്ങളിൽ രോഗാവസ്ഥ ഗുരുതരമായി തുടരുന്നു. താരതമ്യേന കേസുകൾ കുറഞ്ഞ സംസ്ഥാനങ്ങളിലും ദിനംപ്രതി രോഗബാധ കൂടുകയാണ്. ജാ൪ഖണ്ഡിൽ 675 ആയും മണിപ്പൂരിൽ 85ആയും ചണ്ഡീഗഡിൽ 301ആയും കേസുകൾ ഉയ൪ന്നു. ഡൽഹി ലെഫ്. ഗവ൪ണറുടെ ഓഫീസിലെ 13 പേരടക്കം 19 ഡൽഹി സ൪ക്കാ൪ ഉദ്യോഗസ്ഥ൪ക്ക് കോവിഡ് സ്ഥിരീകരിച്ചു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *