നിസര്‍ഗ ഇന്ന് ആഞ്ഞടിക്കും, മഹാരാഷ്ട്രയിലും ഗുജറാത്തിലും ആശങ്ക

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം തീവ്ര ചുഴലിക്കാറ്റായി മാറി. ശക്തമായ മഴയാണ് നിസർഗ ചുഴലിക്കാറ്റിനെ തുടര്‍ന്ന് മഹാരാഷ്ട്രയിലും ഗുജറാത്തിലും രേഖപ്പെടുത്തുന്നത്. ഇന്ന് വൈകുന്നേരത്തോടെ മഹാരാഷ്ട്ര, ഗുജറാത്ത് തീരത്ത് 120 കിലോമീറ്റർ വരെ വേഗത്തിൽ ചുഴലിക്കാറ്റ് വീശിയടിക്കാനാണ് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം അറിയിച്ചു.

അറബിക്കടലിൽ രൂപം കൊണ്ട ന്യൂനമർദ്ദം ഇന്ന് ഉച്ചകഴിഞ്ഞ് മൂന്ന് മണിയോടെ നിസർഗ ചുഴലിക്കാറ്റായി കര തൊടും. മഹാരാഷ്ട്രയിലെ ഹരിഹരേശ്വറിനും കേന്ദ്ര ഭരണപ്രദേശമായ ദാമനും ഇടയില്‍ 120 കിലോ മീറ്റര്‍ വേഗതയില്‍ കാറ്റ് കരയില്‍ പ്രവേശിക്കാനാണ് സാധ്യത.
മുംബൈ, പാൽഗർ, താനെ, റായ്ഗഡ് ജില്ലകളിലും ഗുജറാത്തിലെ സൂറത്ത്, ബറൂച്ച് ജില്ലകളിലും ദാദ്ര നഗർഹവേലിയിലും കാറ്റ് കനത്ത നാശം വിതയ്ക്കുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്‍റെ മുന്നറിയിപ്പ്. മഹാരാഷ്ട്രയുടെ തീര പ്രദേശങ്ങളിൽ 144 പ്രഖ്യാപിച്ചു. ഗുജറാത്തിന്റെ തെക്ക് തീരങ്ങളിലും ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.

തെക്ക് സിന്ധുദുർഗ് മുതൽ വടക്ക് സൂറത്ത് വരെയുള്ള മഹാരാഷ്ട്ര – ഗുജറാത്ത് തീരത്ത് ശക്തമായ തിരമാലയ്ക്കും സാധ്യതയുണ്ട്. ഈ ഭാഗങ്ങളിൽ കടൽ വെള്ളം ഒന്നര കിലോമീറ്റർ വരെ ഉള്ളിലേയ്ക്ക് കയറാൻ സാധ്യതയുള്ളതിനാൽ താഴ്ന്ന പ്രദേശങ്ങളിലുള്ളവരെ മാറ്റി താമസിപ്പിച്ചു. ദേശീയ ദുരന്ത നിവാരണ സേനയുടെ 21 സംഘങ്ങളെ രക്ഷാപ്രവർത്തനങ്ങൾക്കായി മഹാരാഷ്ട്ര, ഗുജറാത്ത് സംസ്ഥാനങ്ങളിൽ വിന്യസിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്‍റെ പശ്ചാത്തലത്തിൽ മുബൈ വിമാനത്താവളത്തിൽ സർവീസുകളുടെ എണ്ണം കുറച്ചിട്ടുണ്ട്. കൊങ്കൺ പാതയിലൂടെയുള്ള സ്പെഷ്യൽ ട്രെയിനുകൾ വഴിതിരിച്ചുവിട്ടതായി റെയിൽവെ അറിയിച്ചു. അടുത്ത രണ്ട് ദിവസത്തേയ്ക്ക് ജനങ്ങൾ വീടിന് പുറത്തിറങ്ങരുതെന്ന് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ധവ് താക്കറെ പറഞ്ഞു. നിസർഗയുടെ പശ്ചാത്തലത്തിൽ കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മഹാരാഷ്ട്ര, ഗുജറാത്ത് മുഖ്യമന്ത്രിമാരുമായി ബന്ധപ്പെട്ട് സ്ഥിതിഗതികൾ വിലയിരുത്തി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *