രാജ്യത്തെ നയിക്കാന്‍ രാഹുല്‍ പ്രാപ്തനെന്ന് ശിവസേന എം.പി

കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ഗാന്ധിയെ പുകഴ്ത്തിയും പ്രധാനമന്ത്രി നരേന്ദ്രമോദിയെ ഇകഴ്ത്തിയും ശിവസേന എംപി സഞ്ജയ് റാവത്ത്. രാഹുല്‍ ഗാന്ധി രാജ്യത്തെ നയിക്കാന്‍ പ്രാപ്തനാണെന്ന് റാവത്ത് പറഞ്ഞു. സമൂഹ മാധ്യമങ്ങളില്‍ രാഹുല്‍ ഗാന്ധിയെ പരിഹസിച്ച്‌ പപ്പു എന്ന് വിളിക്കുന്നത് ശരിയല്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മോദി തരംഗം മങ്ങി. 2014 ലെ ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് മോദി തരംഗം ആഞ്ഞടിച്ചിരുന്നു. എന്നാല്‍, അതിന് മങ്ങലേറ്റ് തുടങ്ങിയിരിക്കുന്നു. ജിഎസ്ടി നടപ്പാക്കിയതിനെതിരെ ഗുജറാത്തില്‍ നടന്ന മാര്‍ച്ചുകള്‍ തിരഞ്ഞെടുപ്പില്‍ ബിജെപിക്ക് വെല്ലുവിളിയാകുമെന്നും സഞ്ജയ് റാവത്ത് പറഞ്ഞു.
ജിഎസ്ടിയുടെ പ്രത്യാഘാതവും ജനങ്ങള്‍ക്കുള്ള അതൃപ്തിയും ഗുജറാത്തില്‍ ഡിസംബറില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പില്‍ പ്രതിഫലിക്കുമെന്നും ഒരു ചാനല്‍ ചര്‍ച്ചയില്‍ അദ്ദേഹം പറഞ്ഞു. മഹാരാഷ്ട്ര വിദ്യാഭ്യാസ മന്ത്രിയും മുതിര്‍ന്ന ബിജെപി നേതാവുമായ വിനോദ് താവഡെയും ചര്‍ച്ചയില്‍ പങ്കെടുത്തു.
രാജ്യത്തെ ഏറ്റവും വലിയ രാഷ്ട്രീയ ശക്തി ജനങ്ങളാണ്. ജനങ്ങള്‍ മനസുവെച്ചാല്‍ ആരെയും പപ്പുവാക്കാന്‍ സാധിക്കുമെന്ന് റാവത്ത് അറിയിച്ചു. ഗുജറാത്ത് തിരഞ്ഞെടുപ്പ് തീയതി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് ബിജെപിയെ പ്രതിരോധത്തിലാക്കി ശിവസേന എംപിയുടെ പ്രസ്താവന.
കേന്ദ്രത്തിലും മഹാരാഷ്ട്രയിലും ബിജെപിയുടെ സഖ്യകക്ഷിയാണ് ശിവസേന. എന്നാല്‍, ശിവസേനയുടെ മുഖപത്രമായ സാംനയിലൂടെ തുടര്‍ച്ചയായ വിമര്‍ശനങ്ങളാണ് പ്രധാനമന്ത്രിക്കും ബിജെപിക്കുമെതിരെ അവര്‍ ഉന്നയിക്കുന്നത്.
ശിവസേനയ്ക്ക് സ്വാധീനം കുറഞ്ഞ സംസ്ഥാനമാണ് ഗുജറാത്ത്. എന്നാല്‍, പട്ടേല്‍ പ്രക്ഷോഭത്തില്‍ സമര നായകന്‍ ഹര്‍ദിക് പട്ടേലിന് ശിവസേന നേതാവായ ഉദ്ധവ് താക്കറെ പിന്തുണ പ്രഖ്യാപിച്ചിരുന്നു. മോദി തരംഗത്തെ മറികടക്കാന്‍ നൂറ് രാഹുല്‍ ഗാന്ധിമാര്‍ക്ക് കഴിയില്ലെന്നായിരുന്നു 2015-ല്‍ ശിവസേന പരിഹസിച്ചത്. ഈ നിലപാട് തിരുത്തുന്നതാണ് എംപിയുടെ വാദം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *