രാജ്യം ദൈര്‍ഘ്യമേറിയ ഉഷ‌്ണതരംഗത്തിലെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം

ന്യൂഡല്‍ഹി : രാജ്യം മൂന്നു പതിറ്റാണ്ടിനിടയിലെ ഏറ്റവും ദൈര്‍ഘ്യമേറിയ ഉഷ‌്ണതരംഗമാണ‌് അനുഭവിക്കുന്നതെന്ന‌് റിപ്പോര്‍ട്ട‌്. ഈ വര്‍ഷം ഏപ്രില്‍ 15 മുതല്‍ മെയ‌് നാലുവരെയും മെയ‌് 18 മുതല്‍ 22 വരെയും ജൂണ്‍ ഏഴ‌ുമുതല്‍ 13 വരെയുമുള്ള 32 ദിവസം ഉഷ‌്ണതരംഗം അനുഭവപ്പെട്ടുവെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. 1988ല്‍ 33 ദിവസമാണ‌് രാജ്യം ഉഷ‌്ണതരംഗം നേരിട്ടത‌്. നിലവിലെ ചൂട‌് തുടര്‍ന്നാല്‍ ഈവര്‍ഷം റെക്കോഡ‌് തിരുത്തും.

1971നും 2015നും ഇടയ്ക്ക‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം രേഖപ്പെടുത്തിയ താപനിലയുടെ കണക്ക‌ുപ്രകാരം ഉഷ്ണതരംഗത്തിന്റെ കാഠിന്യത്തില്‍ 1991 മുതല്‍ മൂന്ന‌് മടങ്ങ‌് വര്‍ധനയുണ്ടായി. കാലാവസ്ഥാ വ്യതിയാനത്തിന്റെ ആഘാതം രൂക്ഷമാകുന്നതിനൊപ്പം ഉഷ്ണതരംഗവും വര്‍ധിക്കുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അറിയിച്ചു. പസഫിക‌് സമുദ്രത്തിലെ താപവ്യതിയാനങ്ങളെത്തുടര്‍ന്നുണ്ടാകുന്ന എല്‍നിനോ പ്രതിഭാസവും ചൂട‌് കൂടാനിടയാക്കുന്നു.

കനത്ത ചൂടും വായുമലിനീകരണവും ജനജീവിതം ദുസ്സഹമാക്കിയ ഉത്തരേന്ത്യയിലെ സാഹചര്യം വരുംദിവസങ്ങളിലും തുടരും. കടുത്ത ചൂടും പൊടിയും നിറഞ്ഞതോടെ ഡല്‍ഹിയില്‍ വായുമലിനീകരണത്തിന്റെ തോത‌് ‘ഗുരുതര’ നിലയിലെത്തി. ഉത്തര്‍പ്രദേശ‌്, ഡല്‍ഹി, രാജസ്ഥാന്‍, ഹരിയാന, മധ്യപ്രദേശ‌് തുടങ്ങിയ സംസ്ഥാനങ്ങളില്‍ അത്യുഷ്ണത്തില്‍ നിരവധിപേര്‍ മരിച്ചു. കടുത്ത ചൂടില്‍ വരണ്ടുണങ്ങിയതോടെ ഡല്‍ഹിയിലുള്‍പ്പെടെ പ്രാദേശികമായ പൊടിക്കാറ്റ‌് രൂപംകൊള്ളുന്നു.

അഫ‌്ഗാനിസ്ഥാനില്‍ രൂപംകൊണ്ട ശക്തമായ പൊടിക്കാറ്റ‌് രണ്ട‌് ദിവസത്തിനുള്ളില്‍ ഡല്‍ഹി ഉള്‍പ്പെടെയുള്ള വടക്കന്‍ സംസ്ഥാനങ്ങളില്‍ വീശുമെന്ന‌് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം മുന്നറിയിപ്പ‌് നല്‍കി. താര്‍ മരുഭൂമിയില്‍നിന്നുള്ള പൊടിക്കാറ്റ‌ും എത്തിയേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *