രാജീവ് ഗാന്ധി വധക്കേസ് ; പ്രതികളെ വിട്ടയക്കണമെന്ന തമിഴ്‌നാടിന്റെ അപേക്ഷ തള്ളി

തമിഴ്‌നാട് : രാജീവ് ഗാന്ധി വധക്കേസില്‍ 24 വര്‍ഷമായി തടവില്‍ കഴിയുന്ന പ്രതികളെ വിട്ടയക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെടണമെന്ന തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം രാഷ്ട്രപതി രാംനാഥ് കോവിന്ദ് തള്ളി.
മുന്‍ പ്രധാനമന്ത്രിയെ കൊലപ്പെടുത്തിയ കേസിലെ പ്രതികളെ സ്വതന്ത്രരാക്കാനുള്ള തമിഴ്‌നാട് സര്‍ക്കാരിന്റെ നിര്‍ദേശത്തോട് കേന്ദ്രത്തിനു യോജിപ്പില്ലെന്നു ചൂണ്ടിക്കാട്ടിയായിരുന്നു രാഷ്ട്രപതി അപേക്ഷ തള്ളിയത്. മന്ത്രിമാരടക്കമുള്ള കൗണ്‍സിലിന്റെ തീരുമാനം പരിഗണിച്ച ശേഷം മാത്രമാകും ഇത്തരം വിഷയങ്ങളില്‍ രാഷ്ട്രപതി തീരുമാനമെടുക്കുക.

മനുഷത്വപരമായ കാരണങ്ങള്‍ കണക്കിലെടുത്ത് കഴിഞ്ഞ നാലു വര്‍ഷത്തിനിടയില്‍ രണ്ടു തവണയാണ് തമിഴ്‌നാട് സര്‍ക്കാര്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തെ സമീപിച്ചത്. എന്നാല്‍, സര്‍ക്കാരിന്റെ ആവശ്യങ്ങള്‍ രാഷ്ട്രപതി നിരാകരിക്കുകയായിരുന്നു. ഹര്‍ജി പരിഹരിക്കാന്‍ സാധിക്കില്ലെന്ന് സംസ്ഥാന സര്‍ക്കാരിനെ അറിയിച്ചു.

1991ലാണ് രാജീവ് ഗാന്ധി കൊലചെയ്യപ്പെടുന്നത്. ഇരുപത്തിനാലു വര്‍ഷമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ ജീവപര്യന്തം ശിക്ഷ അനുഭവിച്ചെന്നും മാനുഷിക പരിഗണന കാണിക്കണമെന്നുമാണ് തമിഴ്‌നാട് സര്‍ക്കാരിന്റെ ആവശ്യം.വി. ശ്രീഹരന്‍, എ ജി പേരറിവാളന്‍, ശാന്തന്‍, ജയകുമാര്‍, റോബര്‍ട്ട് പയസ്, രവിചന്ദ്രന്‍, നളിനി എന്നിവരാണ് തടവിലുള്ളത്

Spread the love

Leave a Reply

Your email address will not be published. Required fields are marked *