രഥയാത്രയ്ക്ക് അനുമതി നിഷേധിച്ചു; പദയാത്ര നടത്തുമെന്ന് ബിജെപി

കൊല്‍ക്കത്ത: ദേശീയ അധ്യക്ഷന്‍ അമിത് ഷാ നേതൃത്വം നല്‍കുന്ന രഥയാത്രയ്ക്ക് പശ്ചിമബംഗാള്‍ സര്‍ക്കാരും കൊല്‍ക്കത്ത ഹൈക്കോടതിയും അനുമതി നിഷേധിച്ചതിനെത്തുടര്‍ന്ന് പദയാത്ര നടത്താനൊരുങ്ങി ബിജെപി. വിഷയത്തില്‍ ഹൈക്കോടതിയുടെ അന്തിമവിധി ഇനിയും വന്നിട്ടില്ല. സാമുദായിക സ്പര്‍ദ്ധ വളര്‍ത്തുമെന്ന് ചൂണ്ടിക്കാട്ടിയാണ് സര്‍ക്കാര്‍ രഥയാത്രയ്ക്കുള്ള അനുമതി നിഷേധിച്ചത്. രഥയാത്ര തുടങ്ങാനുദ്ദേശിച്ചിരിക്കുന്ന കൂച്ച്‌ബെഹാര്‍ ജില്ല സംഘര്‍ഷസാധ്യതാ പ്രദേശമാണെന്നും സര്‍ക്കാര്‍ ഹൈക്കോടതിയെ അറിയിച്ചു. അവിടുത്തെ ജില്ലാ പോലീസ് മേധാവിയും രഥയാത്രക്ക് അനുമതി നല്‍കിയിട്ടില്ലെന്നും സര്‍ക്കാര്‍ ചൂണ്ടിക്കാട്ടി.

ഈ സാഹചര്യത്തിലാണ് ജില്ലകള്‍ തോറും പദയാത്ര നടത്താന്‍ ബിജെപി തീരുമാനിച്ചിരിക്കുന്നത്. ജനുവരി ആദ്യവാരം മുതല്‍ പദയാത്ര ആരംഭിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. ജനുവരി 9നാണ് രഥയാത്ര സംബന്ധിച്ച ഹര്‍ജിയില്‍ കൊല്‍ക്കത്ത ഹൈക്കോടതി അന്തിമ വിധി പറയുക. അതുവരെ പദയാത്ര നടത്താമെന്നാണ് ബിജെപിയുടെ നിലപാട്. തങ്ങള്‍ സാമുദായിക സ്പര്‍ദ്ധയ്ക്ക് വഴിവയ്ക്കില്ലെന്നും സമാധാനപരമായി രഥയാത്ര നടത്തുമെന്നും ബിജെപി കോടതിയെ അറിയിച്ചിട്ടുണ്ട്.

രഥയാത്രാനിരോധനം ഭരണപരമായ കാര്യമായതിനാല്‍ തുറന്ന കോടതിയില്‍ വാദങ്ങള്‍ നിരത്താന്‍ ആവില്ലെന്നും ആവശ്യമെങ്കില്‍ മുദ്രവച്ച കവറില്‍ വിവരങ്ങള്‍ നല്കാമെന്നും സര്‍ക്കാരിനു വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കോടതിയെ അറിയിച്ചിട്ടുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *