ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍

ന്യൂഡല്‍ഹി: രാജ്യത്തെ എല്ലാ പാവപ്പെട്ടവരുടെ വീട്ടിലും സൗജന്യ പാചകവാതക കണക്ഷനുകള്‍ നല്‍കാന്‍ കേന്ദ്രം ഒരുങ്ങുന്നു. ദാരിദ്ര്യരേഖയ്ക്കു താഴെയുള്ള വീട്ടിലെ വനിതകള്‍ക്ക് സൗജന്യ പാചകവാതക കണക്ഷന്‍ നല്‍കാനായി തുടങ്ങിയ പ്രധാന്‍മന്ത്രി ഉജ്ജ്വല യോജന പദ്ധതി വിപുലപ്പെടുത്തിയാണ് രാജ്യത്തെ എല്ലാ പാവപ്പെട്ട കുടുംബങ്ങളിലും സൗജന്യ പാചകവാതകം എത്തിക്കാന്‍ കേന്ദ്രം ആലോചിക്കുന്നത്.

അഞ്ചു സംസ്ഥാനങ്ങളിലെ തിരഞ്ഞെടുപ്പു ഫലം കേന്ദ്രസര്‍ക്കാരിനെതിരായ വിധിയെഴുത്തായി മാറിയപ്പോള്‍ 2019ലെ ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കളം തിരിച്ചുപിടിക്കാനുള്ള കേന്ദ്രശ്രമങ്ങളുടെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്. 2016ല്‍ പ്രഖ്യാപിച്ച പദ്ധതി വിപുലപ്പെടുത്താനുള്ള പദ്ധതിക്ക് കേന്ദ്ര സാമ്പത്തികകാര്യ മന്ത്രിസഭാസമിതി അനുമതി നല്‍കിയതായി പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ അറിയിച്ചു. ഈ നടപടി രാജ്യത്തെ എല്ലാ വീടുകളിലും പാചകവാതകം എത്തിക്കാന്‍ ഉതകുമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

ഈ സ്‌കീമിനു കീഴില്‍ ഓരോ സൗജന്യ പാചകവാതക കണക്ഷനും പൊതുമേഖലാ എണ്ണകമ്പനികള്‍ക്ക് 1,600 രൂപവച്ച് കേന്ദ്രം സബ്‌സിഡി നല്‍കും. സിലിണ്ടറിന്റെ സെക്യൂരിറ്റി ചാര്‍ജും ഇവ ഘടിപ്പിക്കുന്നതിന്റെ ഫിറ്റിങ് ചാര്‍ജുമാണ് ഇങ്ങനെ സബ്‌സിഡി നല്‍കുന്നത്.

പദ്ധതി പ്രകാരം പാചകവാതകം വാങ്ങിക്കുന്നവര്‍ സ്വന്തമായി സ്റ്റൗ വാങ്ങിക്കണം. ഈ അധികഭാരം ലഘൂകരിക്കാന്‍ സ്റ്റൗ വാങ്ങുന്നതിന്റെ ചെലവും ആദ്യ തവണത്തെ സിലിണ്ടര്‍ വാങ്ങുന്നതിന്റെ ചെലവും മാസത്തവണകളായി കൊടുത്താല്‍ മതിയെന്ന നിര്‍ദേശവും വച്ചിട്ടുണ്ട്. എന്നാല്‍ പിന്നീടുള്ള സിലിണ്ടര്‍ വാങ്ങലിനെല്ലാം വീട്ടുകാര്‍ തന്നെ പണം ചെലവഴിക്കേണ്ടിവരും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *