രജിസ്‌ട്രേഷന്‍ മുടങ്ങി; സംസ്ഥാനത്തെ 375 അനാഥാലയങ്ങള്‍ അടച്ചുപൂട്ടല്‍ ഭീഷണിയില്‍

കോട്ടയം: ബാലനീതി നിയമപ്രകാരം അനാഥാലയങ്ങള്‍ രജിസ്റ്റര്‍ ചെയ്യാനുള്ള സമയപരിധി അവസാനിച്ചതോടെ സംസ്ഥാനത്തെ 375 അനാഥാലയങ്ങള്‍ പൂട്ടലിലേക്ക്. സുപ്രീംകോടതി വിധിയുടെ അടിസ്ഥാനത്തില്‍ മാര്‍ച്ച്‌ 31 വരെയായിരുന്നു സമയപരിധി.നിലവില്‍ പ്രവര്‍ത്തിച്ചിരുന്ന 1165 സ്ഥാപനങ്ങളില്‍ 790 എണ്ണം മാത്രമാണ് പുതിയതായി ജില്ല ശിശുക്ഷേമ സമിതികളില്‍ അപേക്ഷ സമര്‍പ്പിച്ചിരിക്കുന്നത്. നേരത്തേ നിയമത്തിലെ കടുത്ത വ്യവസ്ഥകള്‍ അനുസരിച്ച്‌ മുന്നോട്ടു പോകാന്‍ കഴിയില്ലെന്ന് കാട്ടി 165 അനാഥാലയങ്ങള്‍ പ്രവര്‍ത്തനം അവസാനിപ്പിച്ചിരുന്നു.എറണാകുളത്തെ 150 സ്ഥാപനങ്ങളില്‍ 103ഉം മലപ്പുറത്ത് 131 സ്ഥാപനങ്ങളില്‍ 85 എണ്ണവുമാണ് പുതിയതായി അപേക്ഷ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം-94, കോഴിക്കോട്-48 എന്നിങ്ങനെയാണ് മറ്റ് ജില്ലകളിലെ കണക്ക്. രജിസ്റ്റര്‍ ചെയ്യാത്ത സ്ഥാപനങ്ങള്‍ അടച്ചുപൂട്ടാനാണ് കോടതി ഉത്തരവ്.

പുതിയ നിബന്ധനകള്‍ക്കെതിരെ ചില സംഘടനകള്‍ സുപ്രീം കോടതിയില്‍ പുനഃപരിശോധന ഹര്‍ജി നല്‍കിയിട്ടുണ്ട്. ഇത് ഈ മാസം 10ന് പരിഗണിക്കും. ഇതിലെ കോടതി ഉത്തരവിനനുസരിച്ച്‌ അംഗീകാരം നേടാത്തവക്ക് പൂട്ടാന്‍ നോട്ടീസ് നല്‍കാനാണ് വനിത-ശിശുവികസന വകുപ്പിന്റെ തീരുമാനം.

പൂട്ടുന്ന സ്ഥാപനങ്ങളിലെ കുട്ടികളെ മറ്റ് സ്ഥാപനങ്ങളിലേക്ക് മാറ്റും. താല്‍പര്യമില്ലാത്തവരെ വീടുകളിലേക്ക് മടക്കിവിടും. പുതുക്കാത്ത സ്ഥാപനങ്ങളുടെ പ്രവര്‍ത്തനം അവസാനിക്കുന്നതോടെ പന്ത്രണ്ടായിരത്തിലധികം കുട്ടികളാകും പെരുവഴിയിലാകുക.നേരത്തേ നിയമത്തിലെ വ്യവസ്ഥകള്‍ അനുസരിച്ച്‌ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്ന് കാട്ടി 516 അനാഥാലയങ്ങള്‍ ഓര്‍ഫനേജ് കണ്‍ട്രോള്‍ ബോര്‍ഡിന് അപേക്ഷ നല്‍കിയിരുന്നു. തുടര്‍ന്ന് ബോര്‍ഡ് അടച്ചുപൂട്ടാന്‍ അനുമതി തേടിയ സ്ഥാപന മേധാവികളുടെ യോഗവും ബോര്‍ഡ് വിളിച്ചു.

സുപ്രീംകോടതി നിര്‍ദേശം അനുസരിച്ച്‌ രജിസ്റ്റര്‍ ചെയ്യണമെന്നും അടിസ്ഥാന സൗകര്യം ഉണ്ടോയെന്ന് പിന്നീടാകും പരിശോധിക്കുകയെന്നും ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ഇതിനെത്തുടര്‍ന്ന് ഒരുവിഭാഗം സ്ഥാപനങ്ങള്‍ കൂടി രജിസ്റ്റര്‍ ചെയ്യുകയായിരുന്നു.കുട്ടികള്‍ക്ക് ആനുപാതികമായി നിശ്ചിത എണ്ണം ജോലിക്കാര്‍, അധ്യാപകര്‍, കെയര്‍ ടേക്കര്‍, ഡോക്ടര്‍, സൈക്കോളജിസ്റ്റ് തുടങ്ങിയവരുടെ സേവനം ഉറപ്പാക്കണമെന്നതടക്കം കര്‍ശന വ്യവസ്ഥകളാണ് നിയമത്തിലുള്ളതെന്ന് സ്ഥാപന ഉടമകള്‍ പറയുന്നു. ഇത് കനത്ത സാമ്ബത്തിക ബാധ്യതയാണ് വരുത്തിവെക്കുക.

കൂടാതെ, പുതിയ കെട്ടിടങ്ങളും മറ്റും ഒരുക്കുകയും വേണം. കൂടാതെ, നിയമം ലംഘിക്കുന്നവര്‍ക്ക് ഒരു ലക്ഷം രൂപ പിഴയും ഒരു വര്‍ഷം വരെ തടവും പുതിയ നിയമത്തില്‍ പ്രതിപാദിക്കുന്നുണ്ട്.ഈ നിര്‍ദേശങ്ങള്‍ പാലിക്കാന്‍ പ്രയാസമാണെന്നാണ് അടച്ചുപൂട്ടാന്‍ തീരുമാനിച്ചവര്‍ പറയുന്നത്. ഇവര്‍ സ്ഥാപനങ്ങളെ ഹോസ്റ്റലുകളാക്കി മാറ്റാനാണ് ഉദ്ദേശിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *