യോഗിയുടെ ഗംഗാസ്നാനത്തിന് തരൂരിന്റെ വിമര്‍ശനം: വിവാദം പുകയുന്നു; മറുപടിയുമായി ബിജെപി

ദില്ലി: ശശി തരൂര്‍ വീണ്ടും വിവാദത്തിലേക്ക്. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിന്റെ ഗംഗാസ്നാനത്തെ വിമര്‍ശിച്ച ശശി തരൂരിന് മറുപടിയുമായി ബിജെപി വക്താവ് നളിന്‍ കോലി രംഗത്തെത്തി. കഴിഞ്ഞ ദിവസമാണ് കുംഭമേളയോട് അനുബന്ധിച്ച്‌ പ്രയാഗ് രാജിലെത്തിയ യോഗി ഗംഗയില്‍ സ്നാനം നടത്തിയത്. ‘എല്ലാവരും നഗ്നരായാണ് ഗംഗയില്‍ സ്നാനം നടത്തുന്നത്’ എന്നായിരുന്നു യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചുകൊണ്ട് ശശി തരൂര്‍ നടത്തിയ പ്രസ്താവന. എന്നാല്‍ ഹൈന്ദവ ആചാരങ്ങളെക്കുറിച്ച്‌ വ്യക്തമായ ധാരണയുള്ള ശശി തരൂരിനെപ്പോലെയുള്ള ഒരു വ്യക്തി യോഗി ആദിത്യനാഥിനെ വിമര്‍ശിച്ചത് നിര്‍ഭാഗ്യകരമാണ് എന്ന് ബിജെപി വക്താവ് നളിന്‍ കോലി കുറ്റപ്പെടുത്തി..
”വളരെ നിര്‍ഭാഗ്യകരമായ ഒന്നാണിത്. ഉന്നതവിദ്യാഭ്യാസമുള്ള, ഹൈന്ദവ ആചാരങ്ങള്‍ പാലിക്കുന്ന, ശശി തരൂരിനെപ്പോലെയുള്ള ബഹുമാന്യനായ ഒരു വ്യക്തിയില്‍ നിന്നും ഇത്തരം വാക്കുകള്‍ പ്രതീക്ഷിച്ചില്ല.” തരൂരിന്റെ പോസ്റ്റിന് മറുപടിയായി കോലി പറ‍ഞ്ഞു. ‘ഗംഗ ശുദ്ധമായി അവശേഷിക്കുകയും വേണം, നമ്മുടെ പാപങ്ങള്‍ അവിടെ കഴുകിക്കളയുകയും വേണം. മാത്രമല്ല എല്ലാവരും നഗ്നരായാണ് ഗംഗാ സ്നാനത്തിനിറങ്ങുന്നത്. ഗംഗാ മാതാ വിജയിക്കട്ടെ.’ ഇങ്ങനെയായിരുന്നു ശശി തരൂര്‍ ട്വീറ്ററില്‍ കുറിച്ചത്.

”ഒരു മുസ്ലീമിന്റെയോ ക്രിസ്ത്യാനിയുടെയോ മറ്റേതെങ്കിലും മതവിഭാഗത്തിന്റെയോ വിശ്വാസങ്ങളുമായി ബന്ധപ്പെട്ട് തരൂരിന്റെ ഇത്തരമൊരു ട്വീറ്റ് ആര്‍ക്കും കണ്ടെത്താന്‍ സാധിക്കില്ല. എന്തിനാണ് അദ്ദേഹം ഇങ്ങനെ പെരുമാറുന്നത്? കുംഭമേളയിലെ ത്രിവേണി സംഗമത്തില്‍ സ്നാനം ചെയ്യാന്‍ പോകുന്നവര്‍ കോട്ടും ടൈയും ധരിച്ചാണോ പോകുന്നത്? മറ്റ് മന്ത്രിമാര്‍ക്കൊപ്പമാണ് അദ്ദേഹം കുംഭമേളയില്‍ പങ്കെടുക്കാന്‍ പോയത്. മറ്റ് വ്യക്തികളെക്കൂടി ബഹുമാനിക്കാന്‍ തരൂര്‍ പഠിക്കേണ്ടിയിരിക്കുന്നു.” കോലി പറയുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധിയും അധികം താമസിയാതെ ഗംഗാസ്നാനത്തിനെത്തുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു..

Spread the love

Leave a Reply

Your email address will not be published. Required fields are marked *