യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ തന്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിച്ച് ഡെമോക്രാറ്റിക് നേതാവും വൈസ് പ്രസിഡന്റുമായ കമല ഹാരസ്.സ്ഥാനാർത്ഥിത്വം സംബന്ധിച്ച ഔദ്യോഗിക രേഖകളില്‍ ഒപ്പുവെച്ചതായി കമല ട്വിറ്ററില്‍ കുറിച്ചു.
‘ ഇന്ന് യുഎസ് പ്രസിഡന്റ് സ്ഥാനത്തേക്കുള്ള എൻ്റെ സ്ഥാനാർത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുന്ന രേഖകളില്‍ ഒപ്പുവെച്ചു. ഓരോ വോട്ടും നേടാൻ ഞാൻ കഠിനാധ്വാനം ചെയ്യും. നവംബറില്‍ ഞങ്ങളുടെ ജനകീയ പ്രചാരണം വിജയിക്കും’, ട്വീറ്റില്‍ കമല ഹാരിസ് പറഞ്ഞു.

പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ നിന്നും ജോ ബൈഡൻ പിൻമാറിയതോടെയാണ് കമല ഹാരിസ് സ്ഥാനാർത്ഥിയായത്. പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും ചൂണ്ടിക്കാട്ടി ബൈഡനെതിരെ സ്വന്തം പാർട്ടിയിലുള്ളവർ തന്നെ രംഗത്തെത്തിയതിന് പിന്നാലെയായിരുന്നു ബൈഡന്റ് പിൻമാറ്റം.
എതിർ സ്ഥാനാർഥി ഡോണള്‍ഡ് ട്രംപുമായുള്ള ആദ്യ സംവാദത്തിലും ബൈഡൻ ദയനീയമായി പരാജയപ്പെട്ടിരുന്നു. ഇതും തിരഞ്ഞെടുപ്പില്‍ നിന്നും മാറി നില്‍ക്കാൻ ബൈഡനെ നിർബന്ധിതനാക്കുകയായിരുന്നു.
അതിനിടയില്‍ കമലയ്ക്ക് പിന്തുണ പ്രഖ്യാപിച്ച് മുൻ പ്രസിഡന്റ് ബാരക് ഒബാമ രംഗത്തെത്തി. കമലയെ പിന്തുണച്ച് ഡെമോക്രാറ്റ് നേതാക്കളെല്ലാവരും പ്രതികരിച്ചെങ്കിലും ഒബാമ മൗനം പാലിക്കുകയായിരുന്നു.
ഇത് സംബന്ധിച്ചുള്ള അഭ്യൂഹങ്ങള്‍ ഉയരുന്നതിനിടെയാണ് ഒബാമ നിലപാട് വ്യക്തമാക്കിയത്. യുഎസിനെ നയിക്കാൻ കമലയ്ക്ക് സാധിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
‘ഈ ആഴ്ച ആദ്യം ഞാനും മിഷേലും ഞങ്ങളുടെ സുഹൃത്ത് കമലാ ഹാരിസിനെ വിളിച്ചിരുന്നു. അവർ യുഎസിന്റെ മികച്ച പ്രസിഡന്റ് ആകുമെന്നാണ് ഞങ്ങള്‍ കരുതുന്നത്. ഞങ്ങളുടെ പൂർണ പിന്തുണ കമലയെ അറിയിച്ചിട്ടുണ്ട്. നവംബറില്‍ നടക്കുന്ന തിരഞ്ഞെടുപ്പില്‍ നമ്മുടെ രാജ്യത്തിന് വേണ്ടി അവളുടെ വിജയം ഉറപ്പാക്കാൻ ഞങ്ങളാല്‍ കഴിയുന്നതെല്ലാം ചെയ്യും’, ഒബാമ പറഞ്ഞു.
നവംബർ 5 നാണ് യു എസ് തിരഞ്ഞെടുപ്പ്. മുൻ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപാണ് കമലയുടെ എതിരാളി. അതേസമയം സ്ഥാനാർത്ഥിത്വം പ്രഖ്യാപിച്ചതിന് പിന്നാലെ കമല ഹാരിസിനെ അധിക്ഷേപിച്ച് ട്രംപ് രംഗത്തെത്തി. കമലാ ‘തീവ്ര ഇടതുപക്ഷഭ്രാന്തി’യാണെന്നും അമേരിക്കയെ ഭരിക്കാന്‍ യോഗ്യയല്ലെന്നും ട്രംപ് പറഞ്ഞു.
ഭരണത്തിലേറാന്‍ അവസരം ലഭിച്ചാല്‍ തീവ്ര ഇടതുപക്ഷചിന്താഗതിക്കാരിയായ കമല രാജ്യത്തെ നശിപ്പിക്കുമെന്നും അതിന് താൻ അനുവദിക്കില്ലെന്നും ട്രംപ് പറഞ്ഞു. ബൈഡൻ കാണിച്ചതിന്റേയെല്ലാം പ്രേരകശക്തിയാണ് കമലയെന്നും അവർ തൊട്ടതെല്ലാം ദുരന്തമാണെന്നും ട്രംപ് പറഞ്ഞു.













