മ്യാന്മറില്‍ 116 പേരടങ്ങിയ സൈനിക വിമാനം കാണാതായി. മ്യാന്മര്‍ സൈനിക മേധാവിയാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. മ്യാന്മറിന്റെ തെക്കന്‍ നഗരമായി മെയ്ക്കിനും യാങ്കനും ഇടയില്‍ വച്ചാണ് വിമാനവുമായുള്ള ബന്ധം വേര്‍പ്പെട്ടത്.
ബുധനാഴ്ച പ്രാദേശിക സമയം 1.30ഓടുകൂടിയാണ് ആശയവിനിമയം നഷ്ടപ്പെട്ടത്. ആന്ധമാന്‍ കടലിനു മുകളിലൂടെ വിമാനം കടന്നുപോയതിനാല്‍ കടലില്‍ വിമാനങ്ങളും കപ്പലുമുപയോഗിച്ച് തിരച്ചില്‍ നടത്തുന്നുണ്ട്.

105 യാത്രക്കാരും 11 ജീവനക്കാരുമാണ് വിമാനത്തിലുണ്ടായിരുന്നത്. കോസ്റ്റല്‍ മേഖലയിലെ സൈനികരുടെ ബന്ധുക്കളാണ് വിമാനത്തിലുണ്ടായിരുന്ന യാത്രക്കാരില്‍ കൂടുതലും. സാങ്കേതിക തകരാര്‍ മൂലമാകും വിമാനവുമായുള്ള ബന്ധം നഷ്ടപ്പെട്ടതെന്നും പ്രശ്‌നം പരിഹരിക്കുമെന്നാണ് പ്രതീക്ഷയെന്നും സൈനിക വൃത്തങ്ങള്‍ അറിയിച്ചു.













