ആഡംബര കല്ല്യാണം: എം.എല്‍.എക്കെതിരെ നടപടിയെടുക്കുമെന്ന് കാനം

ആഡംബര കല്യാണം നടത്തിയ നാട്ടിക എം.എല്‍.എ ഗീതാഗോപിക്കെതിരെ നടപടിയെടുക്കുമെന്നു സി.പി.ഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. പാര്‍ട്ടിയുടെ ജില്ലാ ജനറല്‍ ബോഡിയോഗത്തില്‍ പങ്കെടുക്കാനെത്തിയ അദ്ദേഹം കാഞ്ഞങ്ങാട് ഗസ്റ്റ് ഹൗസില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

എം.എല്‍.എയുടെ മകളുടെ ആഡംബര കല്യാണം കഴിഞ്ഞ ദിവസമാണ് നവ മാധ്യമങ്ങളില്‍ ചര്‍ച്ചാ വിഷയമായത്. ആഡംബര കല്യാണം പാര്‍ട്ടിയുടെ നയവും, നിലപാടുമല്ല. എം.എല്‍.എയുടെ മകളുടെ കല്യാണം ആഡംബരമായി നടത്തിയിട്ടുണ്ടെങ്കില്‍ അത് നിര്‍ഭാഗ്യകരമായ സംഭവം തന്നെയാണ്. ഇതു സംബന്ധിച്ച് തൃശൂര്‍ ജില്ലാ കൗണ്‍സിലിനോട് വിശദീകരണം തേടിയിട്ടുണ്ട്. മറുപടി ലഭിച്ചാല്‍ എം.എല്‍.എക്കെതിരെ നടപടി ഉണ്ടാകുമെന്നും ആദ്ദേഹം പറഞ്ഞു.

മദ്യവര്‍ജ്ജനത്തിലൂന്നിയുള്ള മദ്യനയമാണ് പാര്‍ട്ടി ആഗ്രഹിക്കുന്നത്. നയരൂപീകരണത്തിനായി ഇടതു മുന്നണി യോഗം ചേരുന്നുണ്ട്. ബി.ജെ.പിയുടെയും ആര്‍.എസ്.എസിന്റെയും ദേശീയത കപടമാണ്. ബീഫ് കഴിക്കുന്നത് തടയാനുള്ള ഇവരുടെ തീരുമാനം ജനങ്ങള്‍ക്ക് നേരെയുള്ള കടന്നു കയറ്റമാണ്. കോര്‍പ്പറേറ്റുകളെ സഹായിക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ ഗോവധം നിരോധിച്ചതെന്നും കാനം കൂട്ടിച്ചേര്‍ത്തു.
സത്യന്‍ മൊകേരി, ജില്ലാ സെക്രട്ടറി ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ എന്നിവരും അദ്ദേഹത്തോടൊപ്പം ഉണ്ടായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *