മോദിയുടെ മന്‍ കി ബാത്ത് സ്‌കൂളില്‍ വിലക്കാന്‍ മമത ബാനര്‍ജി

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മന്‍ കി ബാത്ത് വിദ്യാര്‍ത്ഥികള്‍ക്ക് കേള്‍ക്കാന്‍ അവസരം ഒരുക്കിയ സ്വകാര്യ സ്‌കൂള്‍ അധികൃതര്‍ക്കെതിരെ മുഖ്യമന്ത്രി മമതാ ബാനര്‍ജി. കൊല്‍ക്കത്തയിലെ പ്രൈവറ്റ് ഗേള്‍സ് സ്‌കൂളായ ശിക്ഷായദനില്‍ മോദിയുടെ മന്‍ കി ബാത്ത് കേള്‍ക്കാന്‍ അവസരം ഒരുക്കിയതാണ് മമതയെ ചൊടിപ്പിച്ചത്. സംസ്ഥാനത്തെ സ്വകാര്യ സ്‌കൂള്‍ പ്രതിനിധികളുടെ യോഗത്തില്‍ സംസാരിക്കവെ ശിക്ഷായദന്‍ സ്‌കൂള്‍ നടത്തുന്ന ശിക്ഷായദന്‍ ഫൗണ്ടേഷന്റെ സെക്രട്ടറി ജനറലായ ബ്രതാതി ഭട്ടാചാര്യയോട് മോദിയുടെ പേര് എടുത്തുപറയാതെയാണ് രാഷ്ട്രീയ നേതാവിന്റെ പ്രസംഗം ക്ലാസ് റൂമുകളില്‍ വിദ്യാര്‍ത്ഥികളെ നിര്‍ബന്ധിച്ച് കേള്‍പ്പിക്കുന്നത് ശരിയല്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പറഞ്ഞത്.
സ്‌കൂള്‍ പ്രിന്‍സിപ്പലിന്റെ നടപടി ശരിയല്ലെന്നും തന്റെ പ്രസംഗമാണെങ്കില്‍ പോലും വിദ്യാലയ സ്ഥാപനങ്ങളില്‍ അത് കേള്‍പ്പിക്കുന്നതിനെ എതിര്‍ക്കുമെന്നും മമത പറഞ്ഞു. അത്തരം പ്രസംഗങ്ങള്‍ അറിവ് വര്‍ദ്ധിപ്പിക്കുകയില്ലെന്നും അത് രാഷ്ട്രീയ പരിപാടിയാണെന്നും സ്‌കൂള്‍ പ്രിന്‍സിപ്പലിനോട് ഉടന്‍ അത് നിര്‍ത്തണമെന്നും മമതാ ബാനര്‍ജി ബ്രതാതി ഭട്ടാചാര്യയോട് ആവശ്യപ്പെട്ടു. മുഖ്യമന്ത്രി മമത ബാനര്‍ജി ബി.എഡ് പഠനം നടത്തിയതും ശിക്ഷായദന്‍ ഫൗണ്ടേഷനു കീഴിലുള്ള കോളേജിലാണ്. അതേസമയം സിംഗൂര്‍ ഭൂസമരവുമായി ബന്ധപ്പെട്ടുള്ളതും മുഖ്യമന്ത്രി മമത ബാനര്‍ജിയുടെയും പാര്‍ട്ടി നേതാക്കളുടെയും സമരത്തിലെ പങ്ക് വിവരിക്കുകയും ചെയ്യുന്ന ആറ് പേജുകളാണ് എട്ടാം ക്ലാസിലെ ചരിത്ര പാഠപുസ്തകത്തില്‍ സംസ്ഥാന സിലബസ് കമ്മിറ്റി ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഇതില്‍ അഞ്ച് പേജുകളിലും മമത ബാനര്‍ജിയുടെ ചിത്രങ്ങളുമുണ്ട്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *