മോദിയുടെ തട്ടകത്തില്‍ ഫിനിക്‌സ് പക്ഷിയെ പോലെ പറന്നുയര്‍ന്ന് ആം ആദ്മി പാര്‍ട്ടി

കരുത്ത് തെളിയിച്ച് ശക്തമായ തിരിച്ചുവരവ് നടത്തിയ ആം ആദ്മി പാര്‍ട്ടിയുടെ തകര്‍പ്പന്‍ മുന്നേറ്റത്തില്‍ ഞെട്ടി രാഷ്ട്രീയ കേന്ദ്രങ്ങള്‍. അടുത്തയിടെ നേരിട്ട തിരിച്ചടികള്‍ക്ക് പലിശ സഹിതം മറുപടി കൊടുത്താണ് ഉപതിരഞ്ഞെടുപ്പില്‍ മോദിയുടെ ‘മൂക്കിനുകീഴെ’ കെജ് രിവാളും സംഘവും വീണ്ടും വിജയപതാക പാറി പറപ്പിച്ചിരിക്കുന്നത്.
പ്രതിപക്ഷ ജനപ്രതിനിധികളെ കൂട്ടത്തോടെ കൂട് മാറ്റി ജൈത്രയാത്ര തുടര്‍ന്ന ബി.ജെ.പിയുടെ ‘അശ്വമേധത്തെ’ ഡല്‍ഹിയില്‍ കാല്‍ ലക്ഷത്തോളം വോട്ടിന്റെ ഭൂരിപക്ഷത്തിനാണ് ആംആത്മി പാര്‍ട്ടി തളച്ചത്. ആംആദ്മി പാര്‍ട്ടി എംഎല്‍എയായ വേദ് പ്രകാശ് സതീഷ് കൂടുമാറി ബിജെപി പാളയത്തിലെത്തിയതിനെ തുടര്‍ന്ന് ഉപതിരഞ്ഞെടുപ്പു നടന്ന ന്യൂഡല്‍ഹിയിലെ ബവാന മണ്ഡലമാണ് വന്‍ ഭൂരിപക്ഷത്തിന് കെജ് രിവാളും സംഘവും തിരിച്ചു പിടിച്ചത്.
ശക്തമായ ത്രികോണ മല്‍സരം നടന്ന മണ്ഡലത്തില്‍ കോണ്‍ഗ്രസ്, ബിജെപി സ്ഥാനാര്‍ഥികളെ പിന്തള്ളിയ എഎപി സ്ഥാനാര്‍ഥി റാം ചന്ദര്‍ നേടിയത് 24,052 വോട്ടിന്റെ ഭൂരിപക്ഷം. റാം ചന്ദര്‍ 59,886 വോട്ടുകള്‍ നേടിയപ്പോള്‍, ബിജെപി സ്ഥാനാര്‍ഥിക്ക് 35,834 വോട്ടുകളെ ലഭിച്ചുള്ളൂ. മൂന്നാമതെത്തിയ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി സുരേന്ദര്‍ കുമാര്‍ 31,919 വോട്ടുനേടി. വേദ് പ്രകാശിനെത്തന്നെ സ്ഥാനാര്‍ഥിയാക്കിയ ബിജെപിക്കു ലഭിച്ച രാഷ്ട്രീയ തിരിച്ചടി കൂടിയാണ് ബവാനയിലെ തോല്‍വി. 70 അംഗ സഭയില്‍ നിലവില്‍ 65 അംഗങ്ങളാണ് ആംആദ്മി പാര്‍ട്ടിക്കുള്ളത്.
ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി യോട് ഏറ്റുമുട്ടി ജയിക്കാന്‍ ശക്തിയുള്ള പാര്‍ട്ടി തന്നെയാണ് ഈ സാധാരണക്കാരുടെ പാര്‍ട്ടിയെന്ന് കെജ് രിവാള്‍ ഒരിക്കല്‍കൂടി തെളിയിക്കുകയായിരുന്നു.കേന്ദ്ര ഭരണത്തിന്റെ എല്ലാ സംവിധാനങ്ങള്‍ ഉപയോഗിച്ചിട്ടും കാലുമാറ്റ രാഷ്ട്രീയത്തിനെതിരെ വൈകാരികമായാണ് ഡല്‍ഹി ജനത പ്രതികരിച്ചത്.
ഡല്‍ഹി നിയമസഭയിലെ ആം ആദ്മി എം.എല്‍.എമാരെ അയോഗ്യരാക്കി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള ബി.ജെ.പി കേന്ദ്ര സര്‍ക്കാര്‍ നീക്കവും ഇതോടെ ത്രിശങ്കുവിലായി. ഇപ്പോള്‍ ഡല്‍ഹിയില്‍ ഒരു പൊതു തിരഞ്ഞെടുപ്പു വന്നാല്‍ ആം ആദ്മി പാര്‍ട്ടി തന്നെ തൂത്ത് വാരാനാണ് സാധ്യതയെന്ന് ബി.ജെ.പി നേതൃത്വം ഭയക്കുന്നു.
തിരഞ്ഞെടുപ്പ് വാഗ്ദാനങ്ങള്‍ ഒന്നൊന്നായി നടപ്പാക്കുകയും പാവപ്പെട്ട ജനവിഭാഗങ്ങള്‍ക്ക് വേണ്ടി നിരവധി ക്ഷേമ പ്രവര്‍ത്തനങ്ങള്‍ നടത്തിയതുമാണ് ഈ മിന്നുന്ന വിജയത്തിന് കാരണം.ദേശീയ രാഷ്ട്രീയത്തില്‍ ബി.ജെ.പി വിരുദ്ധ ചേരിക്കും ആം ആദ്മി പാര്‍ട്ടിയുടെ ഈ വിജയം ആത്മവിശ്വാസം പകര്‍ന്നിട്ടുണ്ട്.
അഴിമതിക്കാരായ രാഷ്ട്രീയ നേതാക്കള്‍ നേതൃത്ത്വം നല്‍കുന്ന പാര്‍ട്ടികളോട് സഹകരിക്കില്ലങ്കിലും അതല്ലാത്ത വിഭാഗങ്ങളുമായി ചേര്‍ന്ന് ഒരു ബദല്‍ കെജ് രിവാളിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന് വരാനുള്ള സാധ്യതയാണ് ഡല്‍ഹിയിലെ വിജയത്തോടെ വര്‍ദ്ധിച്ചിരിക്കുന്നത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *