ബലാത്സംഗ കേസില്‍ ഗുര്‍മീതിന് 20 വര്‍ഷം കഠിന തടവ്; 30 ലക്ഷം പിഴയും


ബലാത്സംഗകേസില്‍ ദേരാ സച്ചാ സൗദാ തലവന്‍ ഗുര്‍മീത് റാം റഹീമിന് 20 വര്‍ഷത്തെ തടവും പിഴയും. 20 വര്‍ഷത്തെ കഠിന തടവാണ് ഗുര്‍മീതിന് ലഭിച്ചിരിക്കുന്നത്. രണ്ട് വ്യത്യസ്ത കേസുകളിലാണ് ഈ ശിക്ഷ അനുഭവിക്കേണ്ടത്. രണ്ട് കേസുകളിലായി 15 ലക്ഷം രൂപ വീതം ഇരകള്‍ക്ക് നല്‍കണമെന്ന് കോടതി വിധിച്ചു. തിങ്കളാഴ്ച ഉച്ചയ്ക്ക് 3.30ന് സിബിഐ പ്രത്യേക കോടതിയാണ് ഗുര്‍മീതിന്റെ ശിക്ഷ വിധിച്ചത്. ശിക്ഷകളെല്ലാം ചേര്‍ത്ത് പത്ത് വര്‍ഷം അനുഭവിച്ചാല്‍ പോരാ രണ്ട് കേസുകളിലും 10 വര്‍ഷം വീതം 20 വര്‍ഷം തടവ് അനുഭവിക്കണമെന്നാണ് കോടതി വ്യക്തമാക്കിയത്. വിധിപ്രസ്താവത്തിലെ പ്രധാന ഭാഗങ്ങള്‍ മാത്രമാണ് സിബിഐ പ്രത്യേക കോടതി ജഡ്ജി ജഗ്ദീപ്സിങ്ങ് വായിച്ചത്.


കോടതി നടപടികള്‍ ആരംഭിച്ചപ്പോള്‍ ഗുര്‍മീത് കോടതിയോട് മാപ്പിരന്നു. ഗുര്‍മീത് കഴിയുന്ന ജില്ലാ ജയിലിലായിരുന്നു വിധി പ്രഖ്യാപിച്ചത്. ജയില്‍ കോടതി ചേരുന്ന ഇടമായി ഹൈക്കോടതി വിജ്ഞാപനംചെയ്തിരുന്നു. ഗുര്‍മീതിനെ(50) ബലാത്സംഗക്കേസില്‍ കുറ്റക്കാരനാണെന്ന കണ്ടെത്തിയതിനെ തുടര്‍ന്ന് ഹരിയാനയിലും പഞ്ചാബിലും ഉണ്ടായ കലാപത്തില്‍ 38 പേര്‍ കൊല്ലപെട്ടിരുന്നു. വ്യാപക അക്രമസംഭവങ്ങളും നടന്നിരുന്നു.




Sharing is Caring