ഡോക്ലാം: ഇന്ത്യയും ചൈനയും സൈനികരെ പിന്‍വലിക്കാന്‍ ധാരണ

യുദ്ധ മുഖത്തോളം വന്ന ദിവസങ്ങള്‍ നീണ്ട പ്രതിസന്ധികള്‍ അവസാനിപ്പിച്ച് ഒടുവില്‍ ഇന്ത്യയും ചൈനയും സിക്കിം അതിര്‍ത്തിയായ ദോക്‌ളാമില്‍ നിന്നും സൈനികരെ പിന്‍വലിക്കുന്നു. വിദേശകാര്യ മന്ത്രാലയമാണ് വാര്‍ത്ത പുറത്തു വിട്ടിരിക്കുന്നത്. ഇരു രാജ്യങ്ങളും തമ്മില്‍ നടത്തിയ നയതന്ത്ര ചര്‍ച്ചകള്‍ക്കൊടുവിലാണ് തീരുമാനം. ജൂണില്‍ തുടങ്ങിയ സംഘര്‍ഷത്തിനാണ് ഇതോടെ അയവ് വന്നിരിക്കുന്നത്.
ഇരു രാജ്യങ്ങളും തമ്മില്‍ യുദ്ധത്തിനരികില്‍ വരെ എത്തിയ സംഘര്‍ഷത്തിനാണ് ഇപ്പോള്‍ ആശ്വാസമാകുന്നത്. ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ ബീജിംഗ് സന്ദര്‍ശനത്തിന് തൊട്ടുമുമ്ബാണ് തീരുമാനം വന്നിരിക്കുന്നത്. ഒരു ദശകത്തിനിടെ ഇന്ത്യയും ചൈനയും തമ്മിലുള്ള ബന്ധം ഏറ്റവും മോശമായ ദോക്‌ളാം വിഷയത്തില്‍ 300 സൈനികരാണ് മുഖാമുഖം നില്‍ക്കുന്നത്.
ആവര്‍ത്തിച്ചുള്ള പ്രകോപനവും ഭീഷണിയുമെല്ലാം അവഗണിച്ച് നയതന്ത്ര ചര്‍ച്ചയിലൂടെ വിഷയം പരിഹരിക്കണമെന്നും സൈനികരെ പിന്‍വലിക്കണമെന്നും ഇന്ത്യ ആവര്‍ത്തിച്ചാവര്‍ത്തിച്ച് ആവശ്യപ്പെട്ടപ്പോള്‍ ഇന്ത്യ സൈനികരെ ആദ്യം പിന്‍വലിക്കാനായിരുന്നു ചൈനയുടെ ആവശ്യം.
ചൈനയും ഭൂട്ടാനും തമ്മില്‍ തര്‍ക്കം നില നില്‍ക്കുന്ന ദോക്‌ളാമില്‍ ചൈന അനധികൃതമായി നടത്തുന്ന റോഡ് നിര്‍മ്മാണത്തെ തുടര്‍ന്നാണ് ഭൂട്ടാനെ പിന്തുണയ്ക്കുന്ന ഇന്ത്യ ജൂണില്‍ സൈന്യത്തെ ഇവിടെ വിന്യസിപ്പിച്ചത്. ഇവിടെ റോഡ് നിര്‍മ്മിക്കുന്നത് ചൈനയ്ക്ക് എളുപ്പം ഇന്ത്യന്‍ അതിര്‍ത്തിയിലേക്ക് കടന്നു കയറാന്‍ അവസരം ഒരുക്കുമെന്നായിരുന്നു ഇന്ത്യയുടെ ആശങ്ക. യുദ്ധ ടാങ്കുകള്‍ ഉള്‍പ്പെടെയുള്ളവയ്ക്ക് സഞ്ചരിക്കാന്‍ കഴിയുന്ന തരത്തില്‍ കടുപ്പമുള്ള റോഡായിരുന്നു ചൈന നിര്‍മ്മിക്കാന്‍ തുടങ്ങിയത്. ഇത് ഇന്ത്യ ശക്തമായി തടയുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *