മോദിയുടെ ചിത്രം പരസ്യത്തില്‍ ഉപയോഗിച്ചു; റിലയന്‍സിന് 500 രൂപ പിഴ മാത്രം?

പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം ഇലക്‌ട്രോണിക്, അച്ചടി മാധ്യമങ്ങളിലെ പരസ്യങ്ങളില്‍ അനുമതിയില്ലാതെ ഉപയോഗിച്ച മുകേഷ് അംബാനിയുടെ റിലയന്‍സ് ജിയോയ്ക്കുള്ള ശിക്ഷ 500 രൂപ പിഴയിലൊതുങ്ങുമെന്ന് റിപ്പോര്‍ട്ട്. പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമപ്രകാരം ഇത്തരം കുറ്റങ്ങള്‍ക്ക് 500 രൂപയാണു പിഴ. ഈ പിഴ മാത്രം ഈടാക്കി റിലയന്‍സ് ജിയോയ്ക്കെതിരായ നിയമനടപടികള്‍ കേന്ദ്ര സര്‍ക്കാര്‍ അവസാനിപ്പിച്ചേക്കുമെന്നാണു ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്.
മുകേഷ് അംബാനിയുടെ ഉടമസ്ഥതയിലുള്ള റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രം വ്യാപകമായി ഉപയോഗിച്ചത് ഏറെ വിമര്‍ശനം വരുത്തിവച്ചിരുന്നു.

എന്നാല്‍, പരസ്യത്തില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കാന്‍ ആര്‍ക്കും അനുമതി നല്‍കിയിരുന്നില്ലെന്നു കേന്ദ്ര വാര്‍ത്താ വിതരണ – പ്രക്ഷേപണ സഹമന്ത്രി രാജ്യവര്‍ധന്‍ സിങ് റാത്തോ‍ഡ് ഇന്നലെ പാര്‍ലമെന്റിനെ അറിയിച്ചിരുന്നു. അതേസമയം, റിലയന്‍സ് ജിയോയുടെ പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിച്ച വിവരം കേന്ദ്ര സര്‍ക്കാരിന്റെ ശ്രദ്ധയില്‍പെട്ടിട്ടുണ്ടെന്നും രാജ്യവര്‍ധന്‍ സിങ് റാത്തോഡ് അറിയിച്ചു. സമാജ്‍വാദി പാര്‍ട്ടി എംപി നീരജ് ശേഖറാണ് ഈ വിഷയം പാര്‍ലമെന്റില്‍ ഉയര്‍ത്തിയത്. എന്നാല്‍, ഇതേക്കുറിച്ചു പ്രതികരിക്കാന്‍ റിലയന്‍സ് ജിയോ അധികൃതര്‍ തയാറായില്ല.
പ്രധാനമന്ത്രിയുടെ ചിത്രം ഒരു സ്വകാര്യ കമ്ബനി അവരുടെ ഉത്പന്നത്തിന്റെ പരസ്യത്തിനായി വിനിയോഗിച്ചതിനെ പ്രതിപക്ഷം നിശിതമായി വിമര്‍ശിച്ചിരുന്നു. 500, 1000 രൂപാ നോട്ടുകള്‍ അസാധുവായി പ്രഖ്യാപിച്ചതിനു പിന്നാലെ ‍ഡിജിറ്റല്‍ പണമിടപാട് ആപ്ലിക്കേഷനായ പേടിഎമ്മും പരസ്യങ്ങളില്‍ പ്രധാനമന്ത്രിയുടെ ചിത്രം ഉപയോഗിക്കുന്നുണ്ടെന്ന് അവര്‍ ചൂണ്ടിക്കാട്ടുന്നു. സ്വകാര്യ കമ്ബനികളുടെ ബ്രാന്‍ഡ് അംബാസഡറാകാന്‍ പ്രധാനമന്ത്രിയെ അനുവദിക്കുന്ന നിയമം നിലവിലുണ്ടോ എന്നും ഇക്കാര്യത്തില്‍ റിലയന്‍സ് ജിയോ നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ അതിനെതിരെ പ്രധാനമന്ത്രിയുടെ ഓഫിസ് നടപടി സ്വീകരിച്ചിട്ടുണ്ടോ എന്നുമായിരുന്നു ശേഖര്‍ ഗുപ്തയുടെ ചോദ്യം.
ഇതിന് എഴുതിത്തയാറാക്കി നല്‍കിയ മറുപടിയിലാണു പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള 1950ലെ നിയമത്തെക്കുറിച്ചു റാത്തോഡ് ചൂണ്ടിക്കാട്ടിയത്. എന്നാല്‍, ഇത്തരം കേസുകളില്‍ ഈടാക്കാവുന്ന പരമാവധി പിഴ 500 രൂപയാണത്രെ. അതേസമയം, ഇതുമായി ബന്ധപ്പെട്ട് കേന്ദ്ര സര്‍ക്കാരിനു പരാതിയൊന്നും ലഭിച്ചിട്ടില്ലെന്നൊണ് ഔദ്യോഗിക വിശദീകരണം. സ്വകാര്യ കമ്ബനി നിയമലംഘനം നടത്തിയിട്ടുണ്ടെങ്കില്‍ തക്കതായ നടപടി സ്വീകരിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കി.
പേരും ചിഹ്നങ്ങളും ദുരുപയോഗം ചെയ്യുന്നതു തടഞ്ഞുകൊണ്ടുള്ള നിയമപ്രകാരം കേന്ദ്ര സര്‍ക്കാരിന്റെയോ സര്‍ക്കാര്‍ അധികാരപ്പെടുത്തിയിരിക്കുന്നവരുടെയോ അനുമതി കൂടാതെ ഉപയോഗിക്കാന്‍ പാടില്ലാത്ത മൂന്നു ഡസനോളം പേരുകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഈ നിയമത്തിന്റെ മൂന്നാം സെക്ഷനിലാണ് ഈ പേരുകള്‍ പട്ടികയില്‍ ആക്കിയിരിക്കുന്നത്. രാഷ്ട്രപതി, പ്രധാനമന്ത്രി, സംസ്ഥാന ഗവര്‍ണര്‍മാര്‍, ഇന്ത്യയുടെയും സംസ്ഥാനങ്ങളുടെയും ചിത്രങ്ങളും ചിഹ്നങ്ങളും, മഹാത്മ ഗാന്ധി, ഇന്ദിരാ ഗാന്ധി, ജവഹര്‍ലാല്‍ നെഹ്റു, ഐക്യരാഷ്ട്ര സംഘടന, അശോക ചക്രം, ധര്‍മ ചക്രം തുടങ്ങിയവ ഈ ഗണത്തില്‍ പെടുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *