ഇന്ത്യക്ക് ശക്തമായ തിരിച്ചടി നല്‍കുമെന്ന് പുതിയ പാക്ക് സൈനിക മേധാവി


pakഅതിര്‍ത്തിയില്‍ ഇന്ത്യ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചാല്‍ ശക്തമായി തരിച്ചടിക്കുമെന്ന് പാക്കിസ്ഥാനിലെ പുതിയ സൈനിക മേധാവി ഖമര്‍ ജാവേദ് ബജ്‌വ. സൈനിക മേധാവിയായി ചുമതലയേറ്റെടുത്ത ശേഷം ആദ്യമായി സൈനികരെ അഭിസംബോധന ചെയ്ത് സംസാരിക്കുമ്പോഴാണ് ബജ്‌വ ഇക്കാര്യം ഉന്നയിച്ചത്.


വെടിനിര്‍ത്തല്‍ കരാര്‍ ഇന്ത്യയാണ് ലംഘിക്കുന്നതെന്നും എന്നാല്‍ പാക്കിസ്ഥാനും ഇക്കാര്യത്തില്‍ ഉത്തരവാദിത്വം ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. ഏതു ചെറിയ ആക്രമണത്തിനു പോലും ശക്തമായ മറുപടി നല്‍കണം. പാക്കിസ്ഥാന്‍ ഇന്ത്യയെ ആക്രമിക്കുകയാണെന്ന തെറ്റായ വിവരം നല്‍കി ഇന്ത്യ ലോകത്തിന്റെ ശ്രദ്ധ തിരിക്കുകയാണെന്നും ഇതിലുടെ കശ്മീരില്‍ നടക്കുന്ന ആക്രമണങ്ങള്‍ മറയ്ക്കാനാണ് ശ്രമിക്കുന്നതെന്നും ബജ്‌വ കൂട്ടിച്ചേര്‍ത്തു.


അതിര്‍ത്തിയിലെ സുരക്ഷാ സ്ഥിതിയെപ്പറ്റി പുതിയ സൈനിക മേധാവിക്ക് പാക്ക് സൈന്യം വിശദീകരണം നല്‍കി. ഇന്ത്യയുടെ ഭാഗത്തുനിന്നുള്ള ആക്രമണവും ഇതിന് പാക്കിസ്ഥാന്‍ നല്‍കിയ മറുപടിയും സൈനികരുമായുള്ള കൂടിക്കാഴ്ചയില്‍ വിശദീകരിച്ചു.

ജനറല്‍ റഹീല്‍ ഷരീഫ് വിരമിച്ച ഒഴിവിലാണു ഖമര്‍ ജാവേദ് ബജ്‌വ ചുമതലയേറ്റത്. പാക്ക് അധിനിവേശ കശ്മീര്‍, പാക്കിസ്ഥാന്റെ വടക്കന്‍ അതിര്‍ത്തി എന്നിവിടങ്ങളിലെ പ്രശ്‌നങ്ങള്‍ ഏറെ വര്‍ഷങ്ങള്‍ കൈകാര്യം ചെയ്തു പരിചയമുള്ള ആളാണ് ഇദ്ദേഹം. പാക്ക് സൈന്യത്തിലെ ഏറ്റവും വലിയ വിഭാഗമായ പത്താം സൈനിക വ്യൂഹത്തിന്റെ ചുമതല വഹിച്ചിരുന്നു. സൈനിക പരിശീലനത്തിന്റെ ചുമതലയുള്ള ഇന്‍സ്‌പെക്ടര്‍ ജനറലായും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.



Sharing is Caring