മൂന്നാറില്‍ റോഡ് കൈയ്യേറി വഴിയോരകച്ചവടം; നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്; കൈയ്യറ്റം പൊളിച്ച്‌ സബ്കളകര്‍ രേണു രാജ്

ഇടുക്കി: കാല്‍നട യാത്രക്കാര്‍ക്ക് നടക്കാന്‍ ബുദ്ധിമുട്ടായി പ്രവര്‍ത്തിക്കുന്ന വഴിയോരകച്ചവടങ്ങളും അനധികൃത നിര്‍മ്മാണവും പെരുകിയിട്ടും നടപടിയെടുക്കാതെ മൂന്നാര്‍ പഞ്ചായത്ത്. പരാതികള്‍ ഏറെ ലഭിച്ചിട്ടും കൈയ്യേറ്റം
ഒഴിപ്പിക്കാഞ്ഞതോടെ ദൗത്യം ഏറ്റെടുത്തിരിക്കുകയാണ് ദേവികുളം സബ് കളക്ടര്‍ രേണുരാജ്. സബ്കളക്ടറുടെ നിര്‍ദ്ദേശ പ്രകാരം അനധികൃത നിര്‍മ്മാണങ്ങളും വഴിയോരകച്ചവടങ്ങളും പൊളിച്ചു നീക്കി.മൂന്നാര്‍ വില്ലേജ് ഓഫീസര്‍ എസ് ജയരാജിന്റെ നേതൃത്വത്തില്‍ മൂന്നാര്‍ പോലീസും, പഞ്ചായത്തും, ദൗത്യസംഘവും സംയുക്തമായി ഒഴിപ്പിച്ചത്.
പ്രദേശവാസികളടക്കം ആയിരക്കണക്കിന് വിനോദസഞ്ചാരികളാണ് മൂന്നാര്‍ ടൗണ്‍ സന്ദര്‍ശിക്കാന്‍ എത്തുന്നത്. ഇവര്‍ക്ക് അപകടങ്ങള്‍ കൂടാതെ നടക്കുന്നതിന് പഞ്ചായത്ത് ലക്ഷങ്ങള്‍ മുടക്കി നടപ്പാതകളും നിര്‍മ്മിച്ചിട്ടുണ്ട്. എന്നാല്‍ അന്യസംസ്ഥാനങ്ങളില്‍ നിന്നടക്കം എത്തിയവര്‍ ഇത്തരം നടപ്പാതകള്‍ കൈയ്യടക്കി കച്ചവടം നടത്തുകയായിരുന്നു.നാട്ടുകാരുടെ പരാതിയില്‍ മൂന്നാര്‍ പഞ്ചായത്ത് നിരവധിതവണ കച്ചവടക്കാരെ ഒഴിപ്പിച്ചെങ്കിലും തുടര്‍നടപടികള്‍ കടലാസിലൊതുങ്ങി. പെരുകിവരുന്ന അനധികൃത കച്ചവടങ്ങള്‍ ഒഴിപ്പിക്കാന്‍ പഞ്ചായത്തിന് സബ് കളക്ടര്‍ നിര്‍ദ്ദേശം നല്‍കിയെങ്കിലും ഫലമുണ്ടായില്ല. ഇതേ തുടര്‍ന്നാണ് വഴിയോര കച്ചവടക്കാരെ ഒഴിപ്പിക്കാന്‍ മൂന്നാര്‍ വില്ലേജ് ഓഫീസറെ ചുമതലപ്പെടുത്തിയത്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *