മൂന്നാറിലെ റവന്യൂ ഉദ്യോഗസ്ഥരുടെ സ്ഥലംമാറ്റം മരവിപ്പിച്ചു

മൂന്നാറിലെ കൈയേറ്റക്കാര്‍ക്ക് എതിരെ ശക്തമായ നടപടിയെടുത്ത ദേവികുളം സബ്കളക്ടറായിരുന്ന ഡോ. ശ്രീറാം വെങ്കിട്ടരാമന്റെ കീഴില്‍, കൈയേറ്റവുമായി ബന്ധപ്പെട്ട പ്രധാന ഫയലുകള്‍ കൈകാര്യം ചെയ്തിരുന്ന മുഴുവന്‍ ഉദ്യോഗസ്ഥരെയും ഒറ്റയടിക്ക് സ്ഥലംമാറ്റിയ നടപടി മരവിപ്പിച്ചു. റവന്യു മന്ത്രി ഇ. ചന്ദ്രശേഖരന്‍ ഇടപെട്ടാണ് സ്ഥലം മാറ്റം റദ്ദാക്കാന്‍ ജില്ലാ കളക്ടര്‍ക്ക് നിര്‍ദ്ദേശം നല്‍കിയത്.

ദേവികുളം മേഖലയിലെ കൈയേറ്റം ഒഴിപ്പിക്കാന്‍ സബ്കളക്ടര്‍ പ്രത്യേകം നിയമിച്ച ഹെഡ് ക്ലാര്‍ക്ക് ജി ബാലചന്ദ്രപിള്ള, സര്‍വ്വേയര്‍മാരായ പി. കെ. സോമന്‍, പി. കെ. ഷിജു, ആര്‍. കെ. സിജു എന്നിവരെയാണ് സ്ഥലംമാറ്റിയത്.

ബാലചന്ദ്രപിള്ളയെ കാഞ്ചിയാര്‍ വില്ലേജ് ഓഫീസറായും,ഷിജുവിനെ ദേവികുളം താലൂക്ക് ഓഫീസിലേക്കും, സോമനെ രാജകുമാരി ഭൂപതിവ് ഓഫീസിലേക്കും, സിജുവിനെ നെടുങ്കണ്ടം സര്‍വ്വേ സൂപ്രണ്ട് ഓഫീസിലേക്കുമാണ് മാറ്റിയത്. കൈയേറ്റ മാഫിയക്കു വഴങ്ങിയുള്ള പ്രതികാര നടപടിയോടെ ഓഫീസിന്റെ പ്രവര്‍ത്തനം ഏതാണ്ട് നിലച്ചു. 16 പേരുണ്ടായിരുന്ന ഓഫീസില്‍ നിലവില്‍ ഏഴ് പേര്‍ മാത്രമാണ് ജോലിയിലുള്ളത്. അവരില്‍ പലരും പുതുമുഖങ്ങളുമാണ്.

കൈയേറ്റം ഒഴിപ്പിക്കല്‍ സംഘത്തില്‍പ്പെട്ട തഹസില്‍ദാര്‍ പി കെ ഷാജി മാത്രമാണ് നിലവില്‍ ഓഫീസില്‍ ഉള്ളത്. സബ്കളക്ടര്‍ പ്രത്യേകം നിയമിച്ചിരുന്ന രണ്ട് ഉദ്യോഗസ്ഥരും ശ്രീറാമിന്റെ സ്ഥലം മാറ്റത്തോടെ പഴയ ജോലിയിലേക്ക് മടങ്ങിയിരുന്നു. സീനിയര്‍ സൂപ്രണ്ടിന് പകരം അഡീ. തഹസില്‍ദാര്‍ക്ക് ചാര്‍ജ്ജ് നല്‍കിയിരിക്കുകയാണ്. ഇദ്ദേഹം പുതിയ ആളാണ്. ശ്രീറാമിനെ എംപ്ലോയ്മെന്റ് ആന്‍ഡ് ട്രെയിനിങ് ഡയറക്ടറായി മാറ്റിയ അന്ന് തന്നെ കളക്ട്രേറ്റില്‍ നിന്ന് ഇവിടെ പ്രത്യേകം നിയമിച്ച ഉദ്യോഗസ്ഥരുടെ വിവരങ്ങള്‍ ശേഖരിച്ചിരുന്നു. പിന്നീടാണ് ഉദ്യോഗസ്ഥരെ മാറ്റാന്‍ ആരംഭിച്ചത്.

സുപ്രധാന ഉദ്യോഗസ്ഥര്‍ മാറിയതോടെ മൂന്നാറിലെ ഭൂമി കൈയേറ്റവുമായി ബന്ധപ്പെട്ട എല്ലാ നടപടികളും നിലയ്ക്കുമെന്ന് ഉറപ്പാണ്. 23നകം ചാര്‍ജ്ജെടുക്കുമെന്ന് അറിയിച്ചിരിക്കുന്ന പുതിയ സബ്കളക്ടര്‍ എത്തി ഇത്തരം ടീം ഉണ്ടാക്കിയെടുക്കാന്‍ മാസങ്ങള്‍ എടുക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *