മുരുകന്റെ മരണത്തില്‍ അന്വേഷണ റിപ്പോര്‍ട്ട് വൈകുന്നതില്‍ ആരോഗ്യവകുപ്പ് സെക്രട്ടറിക്കെതിരെ മനുഷ്യാവകാശ കമ്മീഷന്റെ വിമര്‍ശനം

ഇതര സംസ്ഥാന തൊഴിലാളിയായ മുരുകന്‍ ചികിത്സ കിട്ടാതെ മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി രാജീവ് സദാനന്ദനെതിരെ രൂക്ഷ വിമര്‍ശനവുമായി മനുഷ്യാവകാശ കമ്മീഷന്‍ രംഗത്തെത്തി. സംഭവത്തില്‍ കമ്മീഷന്‍ ആവശ്യപ്പെട്ട അന്വേഷണ റിപ്പോര്‍ട്ട് പോലും സമര്‍പ്പിക്കാതെ ആരോഗ്യവകുപ്പ് സെക്രട്ടറി നടത്തുന്നത് മനുഷ്യാവകാശ ലംഘനമാണെന്ന് വിമര്‍ശനമാണ് കമ്മീഷന്‍ ഉന്നയിച്ചത്.
മുരുകന്റെ മരണത്തിന് ഉത്തരവാദി ആരോഗ്യവകുപ്പാണെന്ന പൊലീസ് റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് സെക്രട്ടറി പ്രതികരിക്കാതെയും മറുപടി നല്‍കാതെയും മാറി നില്‍ക്കുന്നത് ഗൗരവത്തോടെ കാണുതായി കമ്മീഷന്‍ അംഗം കെ.മോഹന്‍കുമാര്‍ ഉത്തരവില്‍ പറഞ്ഞു. ആവര്‍ത്തിച്ചാവശ്യപ്പെട്ടിട്ടും സെക്രട്ടറി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിട്ടില്ല. നവംബര്‍ അഞ്ചിന്് മുമ്പ് റിപ്പോര്‍ട്ട് ഫയല്‍ ചെയ്യണമെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു. കേസ് നവംബര്‍ ഒമ്പതിന് വീണ്ടും പരിഗണിക്കാനിരിക്കെയാണ് രൂക്ഷവിമര്‍ശനവുമായി കമ്മീഷന്‍ രംഗത്തെത്തിയിട്ടുള്ളത്.
ഇതിനു മുമ്പ് ഓഗസ്റ്റ് 31, സെപ്റ്റംബര്‍ 20, ഒക്ടോബര്‍ 17 എന്നീ തിയതികളില്‍ കേസ് പരിഗണിച്ചിരുന്നു. റിപ്പോര്‍ട്ട് നല്‍കണമെന്ന്് മൂന്നുവട്ടം ആരോഗ്യവകുപ്പ് സെക്രട്ടറിക്ക് പ്രത്യേക ദൂതന്‍ വഴി നോട്ടീസും നല്‍കിയിരുന്നു എന്നിട്ടും റിപ്പോര്‍ട്ട് നല്‍കാത്തതാണ് കമ്മീഷനെ ചൊടിപ്പിച്ചത്. മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഡോക്ടര്‍മാര്‍ ശ്രദ്ധിച്ചിരുന്നെങ്കില്‍ ഇത്തരമൊരു ദാരുണ സംഭവം ഉണ്ടാവുമായിരുന്നില്ലെന്ന് സംസ്ഥാന പോലീസ് മേധാവിക്ക് വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ 54 വെന്റിലേറ്ററുകള്‍ ഉണ്ടായിരുന്നതില്‍ പകുതി മാത്രമാണ് പ്രവര്‍ത്തന സജ്ജമെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ കൃത്യമായ കണക്ക് നല്‍കാന്‍ ആശുപത്രി അധികൃതര്‍ വിമുഖത പ്രകടിപ്പിച്ചു. എല്ലാ വെന്റിലേറ്ററുകളിലും രോഗികള്‍ ഉണ്ടായിരുന്നുവെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അതില്‍ എത്രത്തോളം വാസ്തവമുണ്ടെന്ന് പൊലീസ് സംശയം പ്രകടിപ്പിച്ചു. ന്യൂറോ ഡോക്ടര്‍ ഉണ്ടായിരുന്നിട്ടും പി.ജി വിദ്യാര്‍ത്ഥിയാണ് ആംബുലന്‍സിലെത്തി രോഗിയെ കണ്ടത്.
അപകടത്തില്‍പെടുന്നവരെ യഥാസമയം ആശുപത്രിയിലെത്തിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്‍കിയിട്ടുണ്ടെന്നും ഡി.ജി.പിക്ക് വേണ്ടി സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. ഇത്തരമൊരു സാഹചര്യം പരിശോധിച്ച് പരിഹാരം കാണേണ്ട ബാധ്യത ആരോഗ്യവകുപ്പിനുണ്ടെന്നും കമ്മീഷന്‍ ചൂണ്ടിക്കാട്ടി. പി.കെ രാജു, രംഗനാഥന്‍ മനോഹര്‍, അബ്ദുള്‍ ബഷീര്‍ എന്നിവരുടെ പരാതികളിലാണ് ഉത്തരവ്.

Spread the love

Leave a Reply

Your email address will not be published. Required fields are marked *