മുന്‍ സഹപ്രവര്‍ത്തകര്‍ക്കെതിരെ കടുത്ത ആരോപണങ്ങളുമായി സെന്‍ കുമാറിന്‍റെ സര്‍വീസ് സ്റ്റോറി

തിരുവനന്തപുരം: ഡിജിപിമാര്‍ക്കും ഐഎഎസ് ഉദ്യോഗസ്ഥര്‍ക്കും എതിരെ ഗുരുതര ആരോപണങ്ങളുമായി ‘എന്‍റെ പൊലീസ് ജീവിതം’ എന്ന പേരില്‍ മുന്‍ പൊലീസ് മേധാവി ടി പി സെന്‍കുമാറിന്‍റെ സര്‍വീസ് സ്റ്റോറി വരുന്നു. പെരുമ്ബാവൂരിലെ പെണ്‍കുട്ടിയുടെ കൊലപാതകം സിപിഎം സ്പോണ്‍സേര്‍ഡാണെന്ന് അന്വേഷണ ഉദ്യോഗസ്ഥ തന്നോട് വെളിപ്പെടുത്തിയെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആരോപിക്കുന്നു. തന്നെ പൊലീസ് മേധാവി സ്ഥാനത്തുനിന്നും പുറത്താക്കാന്‍ മുന്‍ ചീഫ് സെക്രട്ടറി നളിനി നെറ്റോ വ്യാജരേഖ ഉണ്ടാക്കിയെന്നാണ് മറ്റൊരു ആരോപണം. താന്‍ വീണ്ടും സംസ്ഥാന പൊലീസ് മേധാവി ആകാതിരിക്കാന്‍ ലോക്നാഥ് ബെഹ്റ ദില്ലിയില്‍ സ്വാധീനം ചെലുത്തിയെന്നാണ് സര്‍വ്വീസ് സ്റ്റോറിയില്‍ സെന്‍കുമാര്‍ ഉയര്‍ത്തിന്ന മറ്റൊരു പ്രധാന ആരോപണം.
സെന്‍കുമാറിന് പൊലീസ് മേധാവി സ്ഥാനം തന്നെ നഷ്ടപ്പെടാന്‍ ഇടയാക്കിയ പെരുമ്ബാവൂരിലെ പെണ്‍കുട്ടിയുടെ കൊലയെകുറിച്ചാണ് സെന്‍കുമാര്‍ ഏറ്റവും ഗുരുതര ആരോപണം ഉയര്‍ത്തുന്നത്. സിപിഎം സ്പോണ്‍സേര്‍ഡ് കൊലപാതകമാണ് ഇതെന്ന് ഒരു ഐപിഎസ് ഉദ്യോഗസ്ഥ തന്നോട് മൂന്ന് തവണപറഞ്ഞുവെന്നാണ് സെന്‍ കുമാറിന്‍റെ വെളിപ്പെടുത്തല്‍. എന്നാല്‍ ഈ കേസ് ഈ ഉദ്യോഗസ്ഥ തന്നെ പിന്നീട് ഏറ്റെടുത്തപ്പോള്‍ പരാമര്‍ശത്തെകുറിച്ച്‌ ഒന്നും പറഞ്ഞില്ലെന്നും സെന്‍ കുമാര്‍ പുസ്തകത്തില്‍ പറയുന്നു.
എംജി കോളേജിലെ വിദ്യാര്‍ത്ഥി സംഘര്‍ഷത്തിനിടെ താന്‍ പൊലീസുകാരന്‍റെ തൊപ്പി തട്ടിപ്പറിച്ച സംഭവത്തില്‍ തനിക്കെതിരെ സര്‍ക്കാറിന് പരാതി കൊടുക്കാന്‍ മുന്‍ ഡിജിപി രമണ്‍ ശ്രീവാസ്തവ ഇടപെട്ടു എന്നാണ് സെന്‍ കുമാറിന്‍റെ മറ്റൊരു ആരോപണം. ഐഎസ്‌ആര്‍ഒ കേസ് അന്വേഷിച്ചതിലുള്ള വൈരാഗ്യം കാരണമാണ് രമണ്‍ ശ്രീവാസ്തവ തനിക്കെതിരെ പ്രവര്‍ത്തിച്ചത്. ചാരക്കേസില്‍ നമ്ബി നാരായണന്‍ കുറ്റക്കാരനാണെന്ന് പുസ്തകത്തില്‍ സെന്‍കുമാര്‍ ആവര്‍ത്തിക്കുന്നു. നമ്ബി നാരായണന് എല്ലാ കാലത്തും സത്യം മൂടിവെക്കാനാകില്ലെന്നും സെന്‍കുമാര്‍ പറയുന്നു.
ഡിജിപി ജേക്കബ് തോമസിന്‍റെ എല്ലാ പ്രവര്‍ത്തനങ്ങളും ദുരൂഹമാണെന്നും ഋഷിരാജ് സിംഗ് പബ്ളിസിറ്റിയുടെ ആളാണെന്നും സെന്‍കുമാര്‍ പുസ്തകത്തില്‍ ആക്ഷേപിക്കുന്നു. വിജിലന്‍സ് ഡയറക്ടറായിരുന്ന വിന്‍സന്‍ എം പോളിനെ ബാര്‍ കോഴകേസില്‍ കരിവാരിത്തേക്കാന്‍ ജേക്കബ് തോമസ് ശ്രമിച്ചുവെന്നും ആരോപണമുണ്ട്. പൊലീസ് മേധാവി സ്ഥാനത്തേക്ക് താന്‍ തിരിച്ചെത്താതിരിക്കാന്‍ ലോക്നാഥ് ബെഹ്റ ദില്ലിയില്‍ എല്ലാ സ്വാധീനവും ഉപയോഗിച്ചെന്നും പുസ്തകത്തില്‍ ആരോപിക്കുന്നു

Spread the love

Leave a Reply

Your email address will not be published. Required fields are marked *