മുന്നണി ബന്ധത്തില്‍ യു.ഡി.എഫുമായി ഒത്തുപോകാനുള്ള സാധ്യത കുറവ്: കേരളാ കോണ്‍ഗ്രസ്‌ സമിതിയെ നിയോഗിക്കും

കോട്ടയം: മുന്നണിബന്ധം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ ഇന്നു ചേരുന്ന കേരളാ കോണ്‍ഗ്രസ്‌ (എം) നേതൃയോഗം പുതിയ സമിതിയെ നിയോഗിക്കും. പാര്‍ട്ടിയുടെ എം.പിമാരും എം.എല്‍.എമാരും അടങ്ങുന്നതാകും സമിതി.
അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിന്‌ മുമ്പ്‌ പാര്‍ട്ടി ഏതെങ്കിലും മുന്നണിയുടെ ഭാഗമാകുമെന്ന്‌ കഴിഞ്ഞ ദിവസം പാര്‍ട്ടി ഡെപ്യൂട്ടി ചെയര്‍മാന്‍ സി.എഫ്‌. തോമസ്‌ വ്യക്‌തമാക്കിയിരുന്നു. ഏതെങ്കിലും ഒരു മുന്നണിയുടെ ഭാഗമാകണമെന്ന വികാരമാണ്‌ ഭൂരിപക്ഷം നേതാക്കള്‍ക്കുമുള്ളത്‌.
ഈ സാഹചര്യത്തിലാണ്‌ മുന്നണി ബന്ധം സംബന്ധിച്ച്‌ തീരുമാനമെടുക്കാന്‍ പാര്‍ട്ടി സമിതിയെ നിയോഗിക്കുന്നത്‌. യു.ഡി.എഫുമായി ഒത്തുപോകാനുള്ള സാധ്യത ഇപ്പോഴത്തെ സാഹചര്യത്തില്‍ വളരെ കുറവാണ്‌. കെ.എം. മാണിയുമായും ജോസ്‌ കെ. മാണിയുമായും ഇനി യാതൊരു ബന്ധവും ഉണ്ടാകില്ലെന്ന്‌ കോട്ടയം ജില്ലാ കോണ്‍ഗ്രസ്‌ നേതൃത്വം പ്രമേയം പാസാക്കിയിരുന്നു. കോട്ടയം ഡി.സി.സി. എടുത്ത തീരുമാനത്തിനൊപ്പമാണു പാര്‍ട്ടിയെന്ന്‌ കെ.പി.സി.സി. രാഷ്‌ട്രീയ കാര്യസമിതിയും വ്യക്‌തമാക്കിയിരുന്നു.

മാണിക്കെതിരായ നീക്കം മയപ്പെടുത്തിക്കൊണ്ട്‌ കോണ്‍ഗ്രസ്‌ ഹൈക്കമാന്‍ഡില്‍ നിന്നു ചില ഇടപെടലുകള്‍ ഉണ്ടായി. ഇതേത്തുടര്‍ന്ന്‌ അകല്‍ച്ച കുറഞ്ഞുവരുന്നതിനിടെയാണ്‌ കെ.എം. മാണിയെ മുഖ്യമന്ത്രിയാക്കാന്‍ ഇടതുമുന്നണി ശ്രമിച്ചിരുന്നെന്ന്‌ കേരളാ കോണ്‍ഗ്രസിന്റെ മുഖപത്രമായ പ്രതിഛായ വെളിപ്പെടുത്തിയത്‌. മാണിക്കെതിരായ അതിരൂക്ഷ വിമര്‍ശനവുമായി കോണ്‍ഗ്രസ്‌ മുഖപത്രമായ വീക്ഷണത്തില്‍ നിന്നു മറുപടിയെത്തി.
വീക്ഷണത്തിന്റെ പരാമര്‍ശങ്ങളെ കോണ്‍ഗ്രസ്‌ നേതാക്കള്‍ തള്ളിപ്പറഞ്ഞെങ്കിലും കോണ്‍ഗ്രസ്‌ നേതൃത്വം അറിയാതെ വീക്ഷണത്തില്‍ ഇത്തരമൊരു മുഖപ്രസംഗം വരില്ലെന്ന അഭിപ്രായമാണ്‌ മാണി ഗ്രൂപ്പ്‌ നേതൃത്വത്തിനുള്ളത്‌.
ഈ പശ്‌ചാത്തലത്തിലാണ്‌ ഇന്നു പാര്‍ട്ടിയുടെ നിര്‍ണായക നേതൃയോഗങ്ങള്‍ ചേരുന്നത്‌. രാവിലെ 11-ന്‌ ഉന്നതാധികാര സമിതിയും ഉച്ചകഴിഞ്ഞ്‌ 2.30-ന്‌ സ്‌റ്റിയറിങ്‌ കമ്മറ്റിയുമാണു ചേരുന്നത്‌. മുന്നണിബന്ധം വേണ്ടെന്നു ചരല്‍ക്കുന്നില്‍ കൈക്കൊണ്ട തീരുമാനത്തില്‍ മാറ്റം വരുത്തി മുന്നണി പ്രവേശനമടക്കമുള്ള വിഷയങ്ങള്‍ ചര്‍ച്ച ചെയ്യാനാണ്‌ യോഗം ചേരുന്നത്‌. ബാര്‍ കോഴ ആരോപണത്തില്‍ പാര്‍ട്ടി കമ്മിഷന്റെ അന്വേഷണ റിപ്പോര്‍ട്ടും യോഗത്തില്‍ ചര്‍ച്ചയാകും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *