എ.ഇ.ഒ മാരും ഇനി സ്‌കൂളിലെത്തും; കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍

എ.ഇ.ഒ മാരും ഡി.ഇ.ഒ മാരും ഒക്കെ ഇനി കുട്ടികള്‍ക്കൊപ്പം ഇരുന്ന് സ്‌കൂളിലെ ഉച്ചഭക്ഷണം കഴിക്കുന്നത് കണ്ടാല്‍ ഇതെന്ത് കഥയെന്ന് കരുതി അത്ഭുതം കൊള്ളേണ്ട. കേട്ടാല്‍ കൗതുകം തോന്നുമെങ്കിലും സംഗതി സത്യമാണ്. സ്‌കൂളുകളില്‍ കുട്ടികള്‍ക്കൊപ്പം ഉച്ചഭക്ഷണം കഴിക്കാന്‍ ഇനി ഇടയ്ക്കിടെ വിദ്യാഭ്യാസ വകുപ്പിലെ ഈ ഉന്നത ഉദ്യോഗസ്ഥരും എത്തും. ഉച്ചഭക്ഷണ പരിപാടിയുടെ ഗുണമേന്മയും ശുചിത്വവും ഉറപ്പുവരുത്താനാണ് വിദ്യാഭ്യാസ വകുപ്പിന്റെ പുതിയ തീരുമാനം.
എ.ഇ.ഒ മുതല്‍ ഡി.പി.ഐ തലം വരെയുള്ള ഉദ്യോഗസ്ഥര്‍ ആഴ്ചയില്‍ ഒരിക്കല്‍ സ്‌കൂളുകള്‍ സന്ദര്‍ശിക്കാനാണ് നിര്‍ദേശം. കുട്ടികള്‍ക്കൊപ്പം ഇവര്‍ ഇരുന്ന് ഭക്ഷണം കഴിക്കണമെന്നും നിര്‍ദേശത്തിലുണ്ട്. മുന്നറിയിപ്പ് നല്‍കാതെയായിരിക്കും സന്ദര്‍ശനം. സ്‌കൂള്‍ സന്ദര്‍ശിക്കാന്‍ എത്തുന്ന ഉദ്യോഗസ്ഥര്‍ പാചകപ്പുര, കലവറ, ഭക്ഷണശാല, ജലസംഭരണി, മാലിന്യ നിര്‍മാര്‍ജന സംവിധാനം, പരിസരം, പാചക തൊഴിലാളികളുടെ ശുചിത്വം എന്നിവയെല്ലാം പരിശോധിക്കും. വീഴ്ചകള്‍ ഇന്‍സ്‌പെക്ഷന്‍ ഡയറിയില്‍ രേഖപ്പെടുത്തും. നിലവില്‍ നൂണ്‍മീല്‍ ഓഫിസര്‍,ന്യൂണ്‍ ഫീഡിങ് ഓഫിസര്‍ എന്നിവര്‍ വിദ്യാലയങ്ങളില്‍ ഉച്ചഭക്ഷണ വിതരണം പരിശോധിക്കാന്‍ എത്തുന്നുണ്ട്. ഇതിനു പുറമേയാകും ഉദ്യോഗസ്ഥരുടെ സന്ദര്‍ശനം.
ഓരോ ജില്ലയിലും മാസം തോറും നടക്കുന്ന പരിശോധനകളുടെ റിപ്പോര്‍ട്ട് അടുത്തമാസം പത്തിന് മുന്‍പ് ഡി.ഡി.ഇമാര്‍ പൊതുവിദ്യാഭ്യാസ ഡയരക്ടര്‍ക്ക് സമര്‍പ്പിക്കും. സ്‌കൂളുകളില്‍ ഓരോ ദിവസവും ഉച്ചഭക്ഷണം കഴിക്കുന്ന കുട്ടികളുടെ എണ്ണം അതാത് ദിവസം ഉച്ചയ്ക്ക് രണ്ടിന് മുമ്പായി നൂണ്‍ മീല്‍ വെബ്‌സൈറ്റിലൂടെ സമര്‍പ്പിക്കണം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *