‘മുന്നണിയുടെ സല്‍പ്പേര് ഉയര്‍ത്തി’; ജലീലിന്റെ രാജി മാതൃകാപരമെന്ന് എംഎ ബേബി

ലോകായുക്ത വിധിയിലെ കെടി ജലീലിന്റെ രാജി മാതൃകാപരമാണെന്നും ധാര്‍മിക മൂല്യം ഉയര്‍ത്തി പിടിച്ചാണെന്നും സിപിഐഎം പിബി അംഗം എംഎ ബേബി.പാര്‍ട്ടിയുടെയും മുന്നണിയുടേയും സല്‍പ്പേര് മുന്‍നിര്‍ത്തിയാണ് നീക്കമെന്നും എംഎ ബേബി പറഞ്ഞു. ജലീല്‍ ഹൈക്കോടതിയില്‍ പോയത് അദ്ദേഹത്തിന്റെ ഭാഗം വിശദീകരിക്കാനാണെന്നും ബേബി കൂട്ടി ചേര്‍ത്തു.

ജലീല്‍ രാജി വെച്ചത് കീഴ്‌വഴക്കം പാലിച്ചുകൊണ്ടാണെന്നാണ് സിപിഐഎം നേതാവ് പി ജയരാജന്റെ പ്രതികരണം. ഇത് നല്ലൊരു സ്പിരിറ്റില്‍ എടുക്കണം, ജലീലിന് നിയമപരമായി നീങ്ങാനുള്ള അവകാശമുണ്ടെന്നും പി ജയരാജന്‍ പറഞ്ഞു.

‘ജലീല്‍ സ്വമേധയാ രാജീവെച്ചതാണ്. ഇവിടെ മാധ്യമങ്ങള്‍ പുകമറ സൃഷ്ടിക്കുകയായിരുന്നു. കാരണം ലോകായുക്തയുടെ വിധി വന്ന ശേഷം ഉടന്‍ രാജിവെക്കണം എന്നായിരുന്നു ഇവിടെ പറഞ്ഞോണ്ടിരുന്നത്. കോപ്പി കിട്ടി അതിന്റെ നിയമവശങ്ങളെല്ലാം പരിശോധിച്ച ശേഷമാണ് രാജി വെക്കുക. രാജി നല്ലൊരു കീഴ് വഴക്കമായിട്ടാണ് ജനാധിപത്യ സമൂഹം കാണേണ്ടത്. മറ്റ് പ്രശ്‌നങ്ങളില്ല. ഇവിടെ നിയമപരമായ മുന്നോട്ട് പോകാം. അതാണ് എകെ ബാലന്‍ പറഞ്ഞത്. ഹരജി നിലനില്‍ക്കെയാണ് രാജി. നല്ല സ്പിരിറ്റിലാണ് സമൂഹം എടുക്കേണ്ടത്.’ പി ജയരാജന്‍ പറഞ്ഞു. ഇപി ജയരാജന്‍ സ്വയം രാജിവെച്ചതാണെന്നും പി ജയരാജന്‍ പറഞ്ഞു.

ജലീല്‍ സ്വജന പക്ഷപാതം നടത്തിയെന്നും ജലീലിന് മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ലെന്നുമായിരുന്നു ലോകായുക്തയുടെ വിധി. മുഖ്യമന്ത്രി തുടര്‍ നടപടി സ്വീകരിക്കണമെന്നും ലോകായുക്ത ആവശ്യപ്പെട്ടിരുന്നു. ന്യൂനപക്ഷ വികസന ധനകാര്യ കോര്‍പറേഷനില്‍ ജനറല്‍ മാനേജറായി ബന്ധുവായ കെടി അദീപിനെ നിയമിച്ചതാണ് വിവാദങ്ങള്‍ക്കിടയാക്കിയത്. അദീപിന്റെ നിയമനത്തിന് വേണ്ടി ജലീല്‍ ഇടപെട്ട് യോഗ്യതയില്‍ ഇളവ് വരുത്തി വിജ്ഞാപനം ഇറക്കി നിയമനം നടത്തിയെന്നാണ് ആരോപണം.

വികെ മുഹമ്മദ് ഷാഫിയുടെ പരാതിയിലാണ് നടപടി. പരാതിക്കാരന്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങളും ശരിവെച്ചാണ് ലോകായുക്തയുടെ റിപ്പോര്‍ട്ട്. ജലീല്‍ സത്യ പ്രതിജ്ഞാ ലംഘനം നടത്തിയെന്നും സ്വജന പക്ഷപാതം കാണിച്ചെന്നുമാണ് ലോകായുക്ത ചൂണ്ടിക്കാണിക്കുന്നത്. ഇക്കാര്യങ്ങള്‍ പരിഗണിച്ച് ജലീല്‍ മന്ത്രിസ്ഥാനത്ത് തുടരാന്‍ പാടില്ല. സ്ഥാനത്തുനിന്നും ജലീലിനെ നീക്കണമെന്ന് മുഖ്യമന്ത്രിയോട് ലോകായുക്ത ആവശ്യപ്പെട്ടിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *