മുത്തലാഖ് ഒരിക്കലും ഇസ്ലാമികമല്ല, മനുഷ്യ സൃഷ്ടി മാത്രം: പാക്ക് ചീഫ് ജസ്റ്റിസ്


മുത്തലാഖ് വിഷയത്തില്‍ ഇന്ത്യന്‍ സുപ്രീം കോടതിയുടെ വിധി വരാനിരിക്കെ മുത്തലാഖിനെ തള്ളിപ്പറഞ്ഞ് മുന്‍ പാക് ചീഫ് ജസ്റ്റിസ് ജവാദ് എസ് ഖ്വാജ. മുത്തലാഖ് ഒരിക്കലും ഇസ്ലാമിക ചരിത്രത്തിന്റെ ഭാഗമല്ല. ഇസ്ലാം നിയമം അനുസരിച്ച്‌ ഇത് സാധുവായി പരിഗണിച്ചിരുന്നില്ല. ആയിരം വര്‍ഷം പഴക്കമുള്ള ചരിത്രം പരിശോധിച്ചാല്‍ ഇത് സാധുവായ വിവാഹ മോചന രീതിയല്ലെന്ന് മനസ്സിലാകും.
മുത്തലാഖ് ചൊല്ലി പെട്ടെന്ന് വിവാഹ മോചനം നേടുന്നതിനെ ഇസ്ലാമിക പണ്ഡിതന്മാര്‍ ഒരിക്കലും പിന്തുണയ്ക്കില്ല. പാകിസ്ഥാനിലെ നിയമം അനുസരിച്ച്‌ ഭര്‍ത്താവ് തലാഖ് ചൊല്ലിയാല്‍ ഭാര്യയുടെ വിലാസം സഹിതം യൂണിയന്‍ കൗണ്‍സിലിന് തപാല്‍ അയയ്ക്കണം. ഈ നോട്ടീസിന്റെ പകര്‍പ്പ് ഭാര്യയ്ക്ക് യുസി അയയ്ക്കും.
90 ദിവസം ഇദ്ധ കാലമായി അനുവദിക്കും. ഇതിനിടെ ഇരുക്കൂട്ടര്‍ക്കും സമവായത്തിന് എത്താനുള്ള ചര്‍ച്ചകള്‍ നടത്തും. 90 ദിവസം കഴിഞ്ഞും തീരുമാനം തുടര്‍ന്നാല്‍ തലാഖ് അനുവദിച്ച്‌ യുസി സര്‍ട്ടിഫിക്കറ്റ് നല്‍കുമെന്നും അദ്ദേഹം പറഞ്ഞു.




Sharing is Caring