ഉമ്മന്‍ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി

ഉമ്മന്‍ ചാണ്ടിയുടെ മെട്രോയാത്രയില്‍ കെഎംആര്‍എല്‍ റിപ്പോര്‍ട്ട് തേടി. മെട്രോയുടെ നയങ്ങള്‍ക്കെതിരായ പ്രവര്‍ത്തനങ്ങള്‍ യാത്രയിലുണ്ടായതിന്റെ അടിസ്ഥാനത്തിലാണ് ഇത്തരത്തില്‍ റിപ്പോര്‍ട്ട് തേടിയത്.
സ്റ്റേഷനുകളുടെ ചുമതലയുള്ളവരില്‍ നിന്നുള്‍പ്പടെയാണ് റിപ്പോര്‍ട്ട് തേടിയിരിക്കുന്നത്. മൂന്ന് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണം. വീഡിയോ ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷമാണ് ചുമതലയുള്ളവര്‍ റിപ്പോര്‍ട്ട് നല്‍കുക. ഇതിന്റെ അടിസ്ഥാനത്തില്‍നടപടികള്‍ തീരുമാനിക്കുമെന്ന് അധികൃതര്‍ പറഞ്ഞു.
മെട്രോ ഉദ്ഘാടനച്ചടങ്ങിലും ആദ്യയാത്രയും രാഷ്ട്രീയവത്കരിച്ചതില്‍ പ്രതിഷേധിച്ചായിരുന്നു ഈ മെട്രോ യാത്ര. ഉമ്മന്‍ചാണ്ടിയുടെ നേതൃത്വത്തില്‍ ആലുവയില്‍ നിന്നും പാലാരിവട്ടം വരെയായിരുന്നു ജനകീയ യാത്ര. അണികളുടെ തള്ളിക്കേറ്റം കാരണം ട്രെയിനില്‍ മറ്റ് യാത്രക്കാര്‍ക്ക് ഏറെ ബുദ്ധിമുട്ടുണ്ടായി പാലാരിവട്ടത്ത് ഓട്ടോമാറ്റിക്ക് ഫെയര്‍ കളക്ഷന്‍ സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയക്കേണ്ടി വന്നു. ഇതിന് പുറമെ പ്രവര്‍ത്തകര്‍ മുദ്രാവാക്യം വിളിച്ചതും ചട്ടലംഘനമാണ്.
മെട്രോ ചട്ടം അനുസരിച്ച്‌ ട്രെയിനിലും സ്റ്റേഷന്‍ പരിസരത്തും പ്രകടനം നടത്തുന്നത് ആയിരം രൂപ പിഴയും ആറ് മാസം വരെ തടവ് ശിക്ഷയും ലഭിക്കാവുന്ന കുറ്റമാണ്. മറ്റ് യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കിയാല്‍ 500 രൂപ പിഴയും നല്‍കണം. ജനകീയ യാത്രയ്ക്കിടെ സാധാരണ യാത്രക്കാര്‍ക്ക് പ്ലാറ്റ്ഫോമില്‍ നില്‍ക്കാന്‍ പോലും ഇടംലഭിച്ചിരുന്നില്ല. തിരക്ക് നിമിത്തം ഉമ്മന്‍ചാണ്ടിക്ക് ചെന്നിത്തലയ്ക്കൊപ്പം ട്രെയിനില്‍ കയറാനുമായിരുന്നില്ല.
ഇതാണ് നടപടികള്‍ എടുക്കുന്നതിന് മെട്രോ അധികൃതരെ പ്രേരിപ്പിച്ചത്. ആലുവയില്‍ നിന്നാണ് യാത്ര തുടങ്ങിയതെങ്കിലും മറ്റു സ്റ്റേഷനുകളില്‍ നിന്നും പ്രവര്‍ത്തകര്‍ ട്രെയിനില്‍ കയറി. ഓരോ സ്റ്റേഷനുകളിലേയും ഏഴ് ക്യാമറകളില്‍ നിന്നുള്ള ദൃശ്യങ്ങള്‍അന്വേഷണത്തിന്റെ ഭാഗമായി പരിശോധിക്കണം. റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ മെട്രോ ചട്ടങ്ങള്‍ ചൂണ്ടിക്കാണിച്ച്‌ സംഘാടകര്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *