മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ കണ്‍സര്‍വേറ്റര്‍ ഗൂഡാലോചന നടത്തിയതായി വനംവകുപ്പിന്‍റെ റിപ്പോര്‍ട്ട്​

മുട്ടില്‍ മരംമുറിക്കേസ് അട്ടിമറിക്കാന്‍ കണ്‍സര്‍വേറ്റര്‍ എന്‍.ടി.സാജന്‍ മുഖ്യപ്രതികളുമായി ഗൂഢാലോചന നടത്തിയതായി വനംവകുപ്പിന്‍റെ അന്വേഷണ റിപ്പോര്‍ട്ട്​. മരംമുറി ​േകസ്​ അട്ടിമറിക്കാന്‍ ആസൂത്രിത ശ്രമം നടന്നതായാണ്​ അന്വേഷണത്തിലെ കണ്ടെത്തല്‍.

അഡീഷണല്‍ പ്രിന്‍സിപ്പല്‍ ചീഫ് കണ്‍സര്‍വേറ്റര്‍ ഓഫ് ഫോറസ്റ്റ് രാജേഷ് രവീന്ദ്രന്‍ വനംവകുപ്പ് മേധാവിക്ക് സമര്‍പ്പിച്ച റിപ്പോര്‍ട്ടിലാണ് വനംവകുപ്പിലെ കണ്‍സര്‍വേറ്ററായ ഐ.എഫ്.എസ്. ഉദ്യോഗസ്ഥന്‍ എന്‍.ടി.സാജനെതിരേ ഗുരുതര ആരോപണങ്ങളുളളത്. എന്‍.ടി.സാജന്‍ മുട്ടില്‍ മരംമുറിക്കേസിലെ പ്രതികളുമായി ഗൂഢാലോചന നടത്തിയെന്നും കേസ് അട്ടിമറിക്കാന്‍ മറ്റൊരു കേസ് സൃഷ്ടിച്ചതായും കണ്ടെത്തിയിട്ടുണ്ട്. പ്രതികള്‍ നല്‍കിയ വിവരങ്ങള്‍ ചേര്‍ത്താണ്​ സാജന്‍ കേസെടുത്തത്​.

മുട്ടില്‍ വില്ലേജിലെ മണിക്കുന്ന് മല എന്ന സ്ഥലത്തെ സ്വകാര്യഭൂമിയില്‍ നടന്ന മരംമുറിക്കലിനെതിരെയാണ്​ മുട്ടില്‍മരംമുറിക്കേസിലെ പ്രതികളില്‍ നിന്ന്​ ലഭിച്ച വിവരത്തിന്‍റെ അടിസ്​ഥാനത്തില്‍ മറ്റൊരു കേസെടുത്തത്​. ഇത്​ മുട്ടില്‍ മരംമുറി കേസ്​ അട്ടിമറിക്കാ​നാണെന്നാണ്​ കണ്ടെത്തല്‍. വയനാട്ടിലെത്തിയ എന്‍.ടി.സാജന്‍ പ്രതികളെ നേരിട്ട് കാണുകയും ഗൂഢാലോചന നടത്തുകയും ചെയ്തതായി റിപ്പോര്‍ട്ടിലുണ്ട്​.

കോഴിക്കോട്ടെ ഒരു മാധ്യമപ്രവര്‍ത്തകന്‍ ഗൂഢാലോചനയില്‍ പങ്കെടുത്തതിന്‍റെ സൂചനകളും റിപ്പോര്‍ട്ടില്‍ ഉണ്ട്. സര്‍ക്കാരിന് അവമതിപ്പ് ഉണ്ടാക്കുന്ന രീതിയിലായിരുന്നു സാജന്‍റെ പ്രവര്‍ത്തനമെന്ന കുറ്റപ്പെടുത്തലും റിപ്പോര്‍ട്ടിലുണ്ട്​.

റിപ്പോര്‍ട്ടിന്‍റെ അടിസ്ഥാനത്തില്‍ സാജനെ സസ്‌പെന്‍ഡ് ചെയ്യണമെന്ന് വനംവകുപ്പ് ശുപാര്‍ശ ചെയ്തിട്ടുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ ഓഫീസ് ഇക്കാര്യത്തില്‍ ഇതുവരെ തീരുമാനമെടുത്തിട്ടില്ല. റിപ്പോര്‍ട്ടിലെ കണ്ടെത്തലുകള്‍ വിവാദമായ സാഹചര്യത്തില്‍ സാജനെതിരെ നടപടി ഉണ്ടാകാന്‍ സാധ്യതയുണ്ട്​.

Spread the love

Leave a Reply

Your email address will not be published. Required fields are marked *