കാക്കനാട് ലഹരിമരുന്ന് കേസ്; പ്രതികൾ കേരളത്തിലെത്തിച്ചത് 10 കോടിയിലധികം രൂപയുടെ ലഹരിമരുന്ന്

കൊച്ചി കാക്കനാട് ലഹരിമരുന്ന് പിടികൂടിയ സംഭവവുമായി ബന്ധപ്പെട്ട് കൂടുതൽ വിവരങ്ങൾ പുറത്ത്. പ്രതികൾ കേരളത്തിലേക്ക് എത്തിച്ചത് പത്തു കോടിയിലധികം രൂപയുടെ ലഹരിമരുന്നാണെന്ന് അന്വേഷണ സംഘം കണ്ടെത്തി.

ഇതിൽ ഒട്ടുമിക്കതും വിൽപ്പന നടത്തി എന്നും എക്സൈസ് കണ്ടെത്തി. ഒടുവിൽ എത്തിച്ച രണ്ട് കിലോ എംഡിഎംഎയിൽ ഒന്നരകിലോയും പ്രതികൾ വിൽപ്പന നടത്തിയിട്ടുണ്ട്. പ്രതികളുടെ ഡയറിയിൽ കണ്ടെത്തിയ വിലാസങ്ങൾക്ക് വേണ്ടിയുള്ള അന്വേഷണം ഊർജിതമാക്കിയിരിക്കുകയാണ് എക്സൈസ്.

കാക്കനാട് ലഹരി മരുന്ന് വേട്ടയുമായി ബന്ധപ്പെട്ട് ഇന്നലെ നാലിടങ്ങളിൽ എക്സൈസ് റെയ്ഡ് നടത്തിയിരുന്നു. വയനാട്, ഇടുക്കി ജില്ലകളിലുൾപ്പെടെയുള്ള നാല് ഇടങ്ങളിലാണ് റെയ്ഡ്. പ്രതികളിൽ നിന്ന് പിടിച്ചെടുത്ത ഡയറിയിൽ പേരുണ്ടായിരുന്ന ആറുപേരുടെ വീടുകളിലാണ് പരിശോധന നടത്തിയത്. അന്വേഷണ സംഘം എത്തിയപ്പോഴേക്കും പ്രതികളെന്ന് സംശയിക്കുന്നവർ കടന്നുകളഞ്ഞു.

നിലവിൽ പിടിയിലായ പ്രതികളെ ആറു ദിവസത്തേക്ക് കസ്റ്റഡിയിൽ എടുക്കാനൊരുങ്ങുകയാണ് എക്സൈസ്. കസ്റ്റഡി അപേക്ഷ ഇരുപത്തിനാലാം തീയതി എറണാകുളം സെഷൻസ് കോടതി പരിഗണിക്കും. പ്രതികൾ മറ്റു സംസ്ഥാനങ്ങളിൽ നിന്നും കോടികളുടെ ലഹരിമരുന്ന് കൊച്ചിയിലേക്ക് എത്തിച്ചിട്ടുണ്ടെന്ന് എക്സൈസ് രഖയുന്നു. കേസിൽ കൂടുതൽ അറസ്റ്റുകൾ ഉടൻ ഉണ്ടാവും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *