മാധ്യമ വിലക്ക് തുടരുന്നു; ജിഷാ വധക്കേസ് പരിഗണിക്കുന്ന കോടതിയില്‍ നിന്ന് മാധ്യമങ്ങളെ ഇറക്കിവിട്ടു

കോടതികളില്‍ മാധ്യമങ്ങള്‍ക്കുള്ള വിലക്ക് തുടരുന്നു. ജിഷാ വധക്കേസ് പരിഗണിക്കുന്ന എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയില്‍ നിന്ന് മാധ്യമപ്രവര്‍ത്തകരെ അഭിഭാഷകര്‍ ഇറക്കിവിട്ടു. കോടതി മുറിയില്‍ റിപ്പോര്‍ട്ടിംഗ് അനുവദിക്കില്ലെന്ന് പറഞ്ഞാണ് ഒരു വിഭാഗം അഭിഭാഷകരുടെ നടപടി. അഭിഭാഷകര്‍ ബഹളം വച്ചതോടെ പ്രശ്നം വഷളാകാതിരിക്കാന്‍ മാധ്യമപ്രവര്‍ത്തകര്‍ ഇറങ്ങിപ്പോകണമെന്ന് ശിരസ്തദാര്‍ അഭ്യര്‍ത്ഥിച്ചു. ഇതോടെ മാധ്യമപ്രവര്‍ത്തകര്‍ കോടതിക്കു പുറത്തിറങ്ങി.
ജിഷാ വധക്കേസിലെ വിചാരണ നടപടി ഇന്ന് ആരംഭിക്കാനിരിക്കേയാണ് അഭിഭാഷകരുടെ നടപടി. 12 മാധ്യമപ്രവര്‍ത്തകരാണ് ഈ സമയം കോടതി മുറിയിലുണ്ടായിരുന്നത്. അഭിഭാഷകരുടെ നടപടിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് ജഡ്ജിക്ക് പരാതി നല്‍കുമെന്ന് മാധ്യമപ്രവര്‍ത്തകര്‍ വ്യക്തമാക്കി.ഹൈക്കോടതിയില്‍ നിന്നുള്ള ഉത്തരവ് മാധ്യമപ്രവര്‍ത്തകര്‍ ഉയര്‍ത്തികാട്ടിയപ്പോള്‍ അത് ഞങ്ങള്‍ക്ക് ബാധകമല്ല, ഹൈക്കോടതിയില്‍ ചെന്ന് പറഞ്ഞാല്‍ മതിയെന്ന് പറഞ്ഞാതിരുന്നു മാധ്യമപ്രവര്‍ത്തകരുടെ നേരെ തട്ടിക്കയറിയത്.
സംസ്ഥാനത്തെ കോടതികളില്‍ മാധ്യമങ്ങളെ വിലക്കിക്കൊണ്ട് അഭിഭാഷകര്‍ തുടര്‍ച്ചയായി പ്രശ്നം സൃഷ്ടിക്കുകയാണ്. വിലക്കിനെതിരെ ഹൈക്കോടതി ചീഫ് ജസ്റ്റീസും രജിസ്ട്രാറും മുഖ്യമന്ത്രിയും എടുത്ത നടപടികള്‍ കാറ്റില്‍ പറത്തിയാണ് അഭിഭാഷകരുടെ അക്രമം.
മാധ്യമപ്രവര്‍ത്തകര്‍ ഇപ്പോള്‍ കോടതിവളപ്പില്‍ നിന്ന് ഇറങ്ങി റോഡിലാണ് നിലയുറപ്പിച്ചിരിക്കുന്നത്. മാധ്യമപ്രവര്‍ത്തകരുമായി കൂടിക്കാഴ്ച നടത്താമെന്ന് ജഡ്ജി അറിയിച്ചിട്ടുണ്ടെന്നാണ് വിവരം.

Spread the love

Leave a Reply

Your email address will not be published. Required fields are marked *