തിരുവനന്തപുരം :ബാര്‍ കോഴ കേസില്‍ തുടരന്വേഷണത്തിന് വിജിലന്‍സ് കോടതി ഉത്തരവിട്ടതിനാല്‍ കെ എം മാണി അരനിമിഷം വൈകാതെ മന്ത്രിസ്ഥാനം രാജിവെയ്ക്കണമെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന് പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.
മാണിയുടെ രാജി വേണ്ടെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ നിലപാട് നിയമവ്യവസ്ഥയോടും പാര്‍ലമെന്ററി ജനാധിപത്യത്തോടുമുള്ള വെല്ലുവിളിയാണ്. അടച്ചുപൂട്ടിയ ബാറുകള്‍ തുറക്കാന്‍ ധനമന്ത്രി കെ എം മാണി ബാറുടമകളില്‍ നിന്നും ഒരു കോടി രൂപ കോഴ വാങ്ങിയതാണ് കേസ്. ആരോപണങ്ങള്‍ പ്രഥമദൃഷ്ട്യാ നിലനില്‍ക്കുന്നതാണെന്ന് കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് തുടന്വേഷണത്തിന് ഉത്തരവിട്ടത്. മന്ത്രി മന്ദിരവും സ്വകാര്യമന്ദിരവും കോഴ വാങ്ങാനുള്ള കേന്ദ്രമാക്കിയ മന്ത്രിയെ രക്ഷിക്കാന്‍ മുഖ്യമന്ത്രി ഇറങ്ങിയത് അസാധാരണ നടപടിയാണ്. അഴിമതിയുടെ കൂട്ടുത്തരവാദിത്തമാണോ ഇതിന് കാരണമെന്ന് കോടിയേരി പ്രസ്താവനയില്‍ ചോദിച്ചു.അഴിമതിക്കേസില്‍ പ്രതിയായ മാണി രാജിവെക്കാത്തത് ജനാധിപത്യകേരളത്തെ അവഹേളിക്കുന്നതാണ്.













