മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധന

മഹാരാഷ്ട്രയിലും ഗുജറാത്തിലും കോവിഡ് രോഗികളില്‍ വന്‍ വര്‍ദ്ധന. രാജ്യത്ത് ഇതുവരെ 1152 പേരാണ് കോവിഡ് ബാധിച്ച്‌ മരിച്ചത്. 1755 പുതിയ കേസുകളും കണ്ടെത്തി. ആകെ 35,365 പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. അതേസമയം രോഗം ഭേദപ്പെട്ടവരുടെ എണ്ണം വര്‍ദ്ധിക്കുന്നുവെന്ന് ആരോഗ്യമന്ത്രാലയം അറിയിച്ചു. മഹാരാഷ്ട്രയില്‍ 1008 പുതിയ കോവിഡ് കേസുകളാണ് കണ്ടെത്തിയത്. ഇതില്‍ 26 പേര്‍ മരിച്ചു. സംസ്ഥാനത്ത് ആകെ 11,506 കോവിഡ് കേസുകളായി. കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ ഏറ്റവും കൂടുതല്‍ രോഗം റിപ്പോര്‍ട്ട് ചെയ്തത് മുംബൈയിലാണ്. 751 പേര്‍ക്കാണ് മുംബൈയില്‍ കോവിഡ് സ്ഥിരീകരിച്ചത്. ഒറ്റ ദിവസം കൊണ്ട് രോഗികളില്‍ വന്‍ വര്‍ദ്ധന ഇതാദ്യമാണ്. നഗരത്തില്‍ മൊത്തം രോഗികള്‍ 7625. രണ്ടാമത് ഗുജറാത്താണ്. 326 പുതിയ കേസുകള്‍ ഗുജറാത്തില്‍ കണ്ടെത്തി.

രാജ്യത്ത് ഇതുവരെയുള്ള ഏറ്റവും ഉയര്‍ന്ന മരണ നിരക്കാണ് കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ കണ്ടത്. 77 പേര്‍. എന്നാല്‍ ആശ്വാസകരമായത് രോഗമുക്തിയുടെ കാര്യത്തിലാണ്. 9065 പേര്‍ക്കാണ് രോഗംഭേദമായത്. അതായത് 25 ശതമാനത്തിലധികം. ശരാശരി 2000 പേര്‍ക്ക് പ്രതിദിനം അസുഖം കണ്ടെത്തുന്നുവെന്ന് ആരോഗ്യ മന്ത്രാലയം വക്താവ് ലവ് അഗര്‍വാള്‍ അറിയിച്ചു. മധ്യപ്രദേശിലെ ഇന്‍ഡോറിലും മഹാരാഷ്ട്രയിലെ പൂനെയിലും നാല് വീതം കോവിഡ് മരണങ്ങള്‍ ഉണ്ടായി. രാജസ്ഥാനില്‍ മൂന്നു പേരാണ് മരിച്ചത്. ഉത്തരാഖണ്ഡില്‍ ഒരു മരണവും. അതേസമയം മധ്യപ്രദേശില്‍ രോഗികളുടെ എണ്ണം 2715 ആയി. ഇവിടെ മരിച്ചവരുടെ എണ്ണം 145 ആയി ഉയര്‍ന്നു.

ഡല്‍ഹിയിലെ പുതിയ കേസുകള്‍ 223 ആണ്. രണ്ട് മരണവും. മഹാരാഷ്ട്രയിലെ ഹസൂര്‍ സാഹിബ് സിഖ് തീര്‍ത്ഥാടന കേന്ദ്രം സന്ദര്‍ശിച്ച 137 പഞ്ചാബ് സ്വദേശികള്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു. ഉത്തര്‍ പ്രദേശില്‍ രോഗികളുടെ എണ്ണം 2281 ആയി. മരണസംഖ്യ- 41. നാസിക്കിലെ മാലേഗാവില്‍ അഞ്ച് പോലിസുകാര്‍ക്ക് രോഗം സ്ഥീരികരിച്ചു. ഇവിടെ കോവിഡ് ബാധിതരുടെ എണ്ണം 272 ആയി. ഡല്‍ഹിയില്‍ 14 സി.ആര്‍.പി.എഫ് ജവാന്‍മാര്‍ക്ക് കോവിഡ് കണ്ടെത്തി. ഇതോടെ രോഗം ബാധിക്കുന്ന സി.ആര്‍.പി.എഫ് ജവാന്‍മാരുടെ എണ്ണം 62 ആയി.

Spread the love

Leave a Reply

Your email address will not be published. Required fields are marked *