‘മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ’ ലിനിക്ക് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍

കോഴിക്കോട്‌:പരിചരണത്തിനിടെ നിപ്പ വൈറസ് ബാധിച്ച്‌ മരണമടഞ്ഞ ലിനി നേഴ്‌സിന് ആദരമര്‍പ്പിച്ച്‌ ലോകാരോഗ്യ സംഘടന ഡയറക്ടര്‍ ജിം കാംപെല്‍. ഔദ്യോഗിക ട്വിറ്റര്‍ പേജിലാണ് ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച റസാന്‍ അല്‍ നജാര്‍, ലിനി പുതുശ്ശേരി, ലൈബീരിയയില്‍നിന്നുള്ള സലോമി കര്‍വ എന്നിവര്‍ക്ക് ജിം ആദരമര്‍പ്പിച്ചത്.’റസാന്‍ അല്‍ നജാര്‍ (ഗാസ), ലിനി പുതുശ്ശേരി(ഇന്ത്യ), സലോമി കര്‍വ(ലൈബീരിയ). മറന്നു പോയിട്ടുണ്ടെങ്കില്‍ ഓര്‍ത്തെടുക്കുക ഇവരെ.’ ജിം ട്വിറ്ററില്‍ കുറിച്ചു.

രോഗീപരിചരണത്തിലൂടെ നിപ്പ വൈറസ് ബാധിച്ച്‌ മെയ് 21നാണ് പേരാമ്പ്ര താലൂക്ക് ആസ്പത്രിയിലെ സ്റ്റാഫ് നേഴ്‌സായ ലിനി പുതുശ്ശേരി മരിച്ചത്. ആതുരസേവനത്തിനു വേണ്ടി ജീവന്‍ ത്യജിക്കേണ്ടി വന്ന ലിനിയെ നിപ്പ വൈറസിനാല്‍ രക്തസാക്ഷിയാവേണ്ടി വന്ന മാലാഖ എന്നായിരുന്നു നാം ഉള്‍പ്പെടെ വിശേഷിപ്പിച്ചത്. ജീവന്റെ അവസാനനാളുകളില്‍ ലിനി ഭര്‍ത്താവ് സജീഷിനെഴുതിയ കത്ത് നേരത്തെ ലിനിയുടെ ഡയറിയില്‍നിന്നു കണ്ടെടുത്തിരുന്നു.

ചെമ്പനോട കൊറത്തിപ്പാറയിലെ പുതുശ്ശേരി നാണുവിന്റേയും രാധയുടേയും മകളാണ് ലിനി. വടകര സ്വദേശിയായ സജീഷിനെയാണ് ലിനി വിവാഹം കഴിച്ചത്. റിഥുല്‍, സിദ്ധാര്‍ത്ഥ് എന്നിവര്‍ മക്കളാണ്.
ഗാസയിലെ മാലാഖ എന്ന് ലോകം വിശേഷിപ്പിച്ച ഇരുപതുകാരിയാണ് റസാന്‍ അല്‍ നാജാര്‍. ഗാസയില്‍ സമരക്കാരായ പാലസ്തീനികളുടെ മുറിവില്‍ മരുന്ന് പുരട്ടാനായി തെരുവിലൂടെ ഓടവെയാണ് ഇസ്രയേല്‍ സൈന്യത്തിന്റെ വെടിയേറ്റ് ആ കുഞ്ഞു മാലാഖ വിടപറഞ്ഞത്. ഗാസ പട്ടണമായ ഖാന്‍ യൂനുസ് തെരുവിലാണ് അവള്‍ അവസാനശ്വാസം വലിച്ചത്.

സലോമി കര്‍വ ആഫ്രിക്കയില്‍ എബോള വൈറസിനെതിരെ പോരാടിയ ധീര വനിത. എബോള രോഗബാധയില്‍നിന്നു സ്വയം മുക്തി നേടിയാണ് എബോള പോരാട്ടത്തിനായി സലോമി മുന്നിട്ടിറങ്ങിയത്. എന്നാല്‍ പ്രസവാനന്തമുണ്ടായ സങ്കീര്‍ണതകളെ തുടര്‍ന്ന് 2017ല്‍ സലോമി മരിക്കുകയായിരുന്നു.

Spread the love

Leave a Reply

Your email address will not be published. Required fields are marked *