ഭാര്യയ്ക്ക് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഡിസൈനര്‍ സാരി മോഷ്ടിച്ച അധ്യാപകന്‍ പിടിയില്‍


ഭാര്യയ്ക്ക് സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഡിസൈനര്‍ സാരി മോഷ്ടിച്ച അധ്യാപകന്‍ പിടിയില്‍. ഛത്തീസ്ഗഡില്‍ പ്രൈമറി സ്‌കൂള്‍ അധ്യാപകനായ ശ്രീകാന്ത് ഗുപ്തയാണ് പിടിയിലായത്. 56,000 രൂപ വിലയുള്ള രണ്ട് ഡിസൈനര്‍ സാരികളാണ് ഗുപ്ത മോഷ്ടിച്ചത്. സൗന്ദര്യ മത്സരത്തില്‍ പങ്കെടുക്കുന്നതിന് ഭാര്യയ്ക്ക് സാരി വാങ്ങി നല്‍കാന്‍ പണമില്ലാത്തതിനാലാണ് ഗുപ്ത സാഹസത്തിന് മുതിര്‍ന്നത്.
കഴിഞ്ഞ ആഴ്ച നടന്ന മണ്‍സൂണ്‍ ബ്യൂട്ടി എന്ന സൗന്ദര്യ മത്സരത്തില്‍, ഗുപ്ത മോഷ്ടിച്ച സാരി ധരിച്ച് ഇയാളുടെ ഭാര്യ പങ്കെടുക്കുകയും ചെയ്തു. ബിലാസ്പൂര്‍ ജില്ലയിലെ ഒരു തുണിക്കടയില്‍ നിന്നുമാണ് ഗുപ്ത സാരികള്‍ മോഷ്ടിച്ചത്. സൗന്ദര്യ മത്സരം കഴിഞ്ഞതിന് പിന്നാലെ ഗുപ്തയെ തേടി പോലീസ് എത്തി. ഭാര്യയ്ക്ക് 56,000 രൂപയുടെ സാരി വാങ്ങി നല്‍കിയ ഗുപ്തയുടെ മാസവരുമാനം വെറും 2,500 രൂപയാണ്.
മോഷണവുമായി ബന്ധപ്പെട്ട് ഗുപ്ത, ഇയാളുടെ ഭാര്യ, ബന്ധുവായ യുവാവ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു. മറ്റ് സ്ത്രീകളുടെ മുന്നില്‍ ഭാര്യ തിളങ്ങണമെന്ന ആഗ്രഹം കൊണ്ടാണ് സാരി മോഷ്ടിച്ച് നല്‍കിയതെന്ന് ഗുപ്ത പോലീസിനോട് പറഞ്ഞു. മോഷണം നടന്നതായി പരാതി നല്‍കിയ കടയുടമ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് വിട്ടിരുന്നു. തുടര്‍ന്ന് ദൃശ്യങ്ങളിലെ സാരി ഉടുത്ത് ഗുപ്തയുടെ ഭാര്യയെ കണ്ടെത്തുകയായിരുന്നു.




Sharing is Caring