ഭാരതാംബ വിവാദത്തിൽ എതിർപ്പ് അറിയിച്ച് ഗവർണർക്ക് കത്ത് നൽകി മുഖ്യമന്ത്രി


ഭാരതാംബയുടെ ചിത്രം ഔദ്യോഗിക പരിപാടികളിൽ ഉപയോഗിക്കുന്നതിൽ എതിർപ്പ് അറിയിച്ച് ഗവർണർ രാജേന്ദ്ര അർലേക്കർക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ കത്ത്. സർക്കാരിന്റെ ഔദ്യോഗിക പരിപാടികളിൽ ഭരണഘടന അനുശാസിക്കുന്ന ചിഹ്‌നങ്ങളും കൊടികളും മാത്രമേ പാടുള്ളുവെന്നും ഭരണഘടനാ വിരുദ്ധമാണ് ഇത്തരം ബിംബങ്ങളെന്നും മുഖ്യമന്ത്രി കത്തിൽ പറയുന്നു.


ഇന്നലെ ചേർന്ന മന്ത്രിസഭാ യോഗമാണ് കത്ത് നൽകാൻ മുഖ്യമന്ത്രിയെ ചുമതലപ്പെടുത്തിയത്.
രാജ്ഭവനിൽ നിന്ന് ഭാരതാംബയുടെ ചിത്രം നീക്കില്ലെന്ന് ഗവർണർ നിലപാട് സ്വീകരിച്ച് മുന്നോട്ടുപോകുമ്പോഴാണ് സർക്കാർ നടപടി. പരിസ്ഥിതി ദിനാചരണവുമായി ബന്ധപ്പെട്ട രാജ്ഭവനിൽ നടന്ന സർക്കാർ പരിപാടിയിൽ കാവിക്കൊടിയേന്തിയ ഭാരതാംബ ചിത്രം ഉപയോഗിച്ചതോടെയാണ് വിവാദങ്ങൾക്ക് തുടക്കമായത്.


ആർഎസ്എസ് ഉപയോഗിക്കുന്ന തരത്തിലുള്ള ചിത്രമാണതെന്നും അതിനാൽ പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്നും രാജ്‌ഭവനെ അറിയിച്ച കൃഷിമന്ത്രി പി പ്രസാദ് ചടങ്ങ് സെക്രട്ടേറിയറ്റിലേക്ക് മാറ്റിയിരുന്നു.

തുടർന്ന് സ്‌കൗട്ട്സ് ആൻഡ് ഗൈഡ്സ് പുരസ്‌കാര ദാനച്ചടങ്ങിന് എത്തിയ വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടി പ്രസംഗത്തിനിടെ പ്രതിഷേധം അറിയിച്ച് ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. ഏറ്റവും ഒടുവിൽ ഇന്നലെ കേരള സർവകലാശാല സെനറ്റ്ഹാളിൽ സംഘടിപ്പിച്ച സ്വകാര്യ ചടങ്ങിൽ ഭാരതാംബയുടെ ചിത്രം പ്രദർശിപ്പിച്ചത്തിന് പിന്നാലെ സംഘർഷം ഉണ്ടായി.



Sharing is Caring