ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വവും ഇടപെടുന്നു

ബി.ജെ.പി സംസ്ഥാന ഘടകത്തിലെ ഭിന്നത പരിഹരിക്കാന്‍ കേന്ദ്ര നേതൃത്വവും ഇടപെടുന്നു. നേതാക്കള്‍ പരസ്യപ്രതികരണവുമായി രംഗത്ത് വന്ന സാഹചര്യത്തിലാണ് നേതൃത്വത്തിന്‍റെ ഇടപെടല്‍. തദ്ദേശ തെരഞ്ഞെടുപ്പിന് മുന്‍പ് ഭിന്നത പരിഹരിക്കാനുള്ള നടപടികളാവും ആര്‍.എസ്.എസിന്‍റെയും കേന്ദ്ര നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാവുക.

സംസ്ഥാന അധ്യക്ഷന്‍ കെ.സുരേന്ദ്രനെതിരായ അഭിപ്രായ വത്യാസങ്ങളെ തുടര്‍ന്ന് ശോഭാ സുരേന്ദ്രൻ പാർട്ടിയുടെ സജീവ പ്രവര്‍ത്തനങ്ങളില്‍ നിന്ന് ഏറെക്കാലമായി നില്‍ക്കുകയാണ്. ഇതോടൊപ്പമാണ് മുതിര്‍ന്ന നേതാവ് പി.എം വേലായുധന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ പ്രരസ്യ പ്രസ്താവനകളുമായി രംഗത്തെത്തിയത്. ശോഭാ സുരേന്ദ്രന്‍ പക്ഷത്തുള്ളവര്‍ ദേശീയ അധ്യക്ഷനെ പരാതി അറിയിക്കുകയും ചെയ്തിട്ടുണ്ട്. പരസ്യമായ വിഴുപ്പലക്കലിലേക്ക് നേതാക്കള്‍ പോയ സാഹചര്യത്തിലാണ് പ്രശ്ന പരിഹാരത്തിനായി ആര്‍എസ്എസും കേന്ദ്ര നേതൃത്വവും ഇടപെടുന്നത്.

പാര്‍ട്ടിക്കുള്ളിലെ ചേരിപ്പോര് തദ്ദേശ തെരഞ്ഞെടുപ്പിന് മാത്രമല്ല നിയമസഭാ തെരഞ്ഞെടുപ്പിലും പ്രതികൂലമായി ബാധിക്കുമെന്ന വിലയിരുത്തലാണ് കേന്ദ്ര നേതൃത്വത്തിനുള്ളത്. വിമത ശബ്ദം ഉയര്‍ത്തിയവര്‍ക്ക് കൂടുതല്‍ ഉയര്‍ന്ന സ്ഥാനങ്ങള്‍ നല്‍കി പ്രശ്നം പരിഹരിക്കാനുള്ള ശ്രമമാവും നേതൃത്വത്തിന്‍റെ ഭാഗത്ത് നിന്നുണ്ടാവുക. എന്നാല്‍ പാര്‍ട്ടിക്ക് അവമതിപ്പുണ്ടാക്കുന്ന രീതിയില്‍ പരസ്യ പ്രസ്താവനയുമായി രംഗത്തെത്തിയവര്‍ക്കെതിരെ നടപടി വേണമെന്നാവശ്യമായി ഒരു വിഭാഗം രംഗത്തെത്തിയിട്ടുണ്ട്. വിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി സംസ്ഥാന കോര്‍ കമ്മറ്റി യോഗം ഉടന്‍ ചേര്‍ന്നേക്കും.

Spread the love

Leave a Reply

Your email address will not be published. Required fields are marked *